sabarimala-protest

തിരുവനന്തപുരം: നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പിനിടെ തഹസിൽദാരെ ഉപരോധിച്ച കേസിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെത്തിച്ച സുരേന്ദ്രനെ രാവിലെ തന്നെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. തുടർന്ന് കേസിൽ വാദം കേട്ട കോടതി ജാമ്യം അനുവദിച്ചു. കേസിൽ ഡിസംബർ അഞ്ചിന് ഹാജരാകണമെന്നും കോടതി സുരേന്ദ്രനോട് നിർദ്ദേശിച്ചു. എന്നാൽ ചിത്തിര ആട്ടവിശേഷത്തിനിടെ സ്ത്രീയെ ആക്രമിച്ച കേസ് അടക്കം ഇനിയും ആറ് കേസുകൾ കൂടി ഉള്ളതിനാൽ സുരേന്ദ്രന് പുറത്തിറങ്ങാൻ കഴിയില്ല.

നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പിനിടെ ബി.ജെ.പിയുടെ പ്രചാരണവാഹനം അന്നത്തെ തഹസിൽദാർ കസ്‌റ്റഡിയിലെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് സുരേന്ദ്രന്റ നേതൃത്വത്തിലുള്ള ബി.ജെ.പി പ്രവർത്തകർ തഹസിൽദാരെ ഉപരോധിച്ചിരുന്നുവെന്നാണ് കേസ്. കേസിൽ ഉപാധികളില്ലാതെയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. അതേസമയം, തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്നും ജയിലിൽ തന്നോട് മനുഷ്യത്വരഹിതമായാണ് പെരുമാറുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. 30ന് വാറണ്ടിന് ഹാജരാകാൻ കോഴിക്കോട് പോകേണ്ടതാണ്. അവിടെ താമസിപ്പിക്കുന്നതിനു പകരം നടുവേദനയ്ക്ക് ബെൽറ്റ് ഇട്ടിരിക്കുന്ന തന്നെ ഇവിടെ തിരികെ കൊണ്ട് വന്നിരിക്കുകയാണ്. തിരുവനന്തപുരത്തുനിന്ന് ഉദ്യോഗസ്ഥരെ വിളിച്ചു നിർദ്ദേശം കൊടുക്കുകയാണ്. ഇത് മനപൂർവം പ്രകോപനം സൃഷ്ടിക്കാനാണെന്നും സുരേന്ദ്രൻ ആരോപിച്ചു.