ശബരിമല: ഒന്നര മണിക്കൂറിലേറെ കാത്തുനിന്ന മാദ്ധ്യമപ്രവർത്തകർക്ക് പിടികൊടുക്കാതെ എസ്.പി യതീഷ് ചന്ദ്ര ഇന്നലെ രാത്രി സന്നിധാനത്ത് ദർശനം നടത്തി മടങ്ങി. നിലയ്ക്കലിൽ ക്രമസമാധാനപാലന ചുമതലയുള്ള യതീഷ് ചന്ദ്ര കേന്ദ്ര മന്ത്രി പൊൻരാധാകൃഷ്ണനുമായി ഉണ്ടായ തർക്കത്തോടെയാണ് വിവാദ നായകനായത്.
നവംബർ 30 വരെ അദ്ദേഹത്തിന് നിലയ്ക്കലിൽ ക്രമസമാധാന പാലനത്തിന്റെ ചുമതലയുണ്ടായിരുന്നെങ്കിലും വിവാദങ്ങളെ തുടർന്ന് ചുമതലയിൽ നിന്ന് സർക്കാർ മാറ്രുകയായിരുന്നു. ഇന്നലെ രാത്രി 9.30ന് അദ്ദേഹം സന്നിധാനത്തെ ഗസ്റ്റ് ഹൗസിലെത്തി. വിവരമറിഞ്ഞ് മാദ്ധ്യമപ്രവർത്തകരുടെ വൻനിര സോപാനത്തിന് സമീപം നിലയുറപ്പിച്ചു.
രാത്രി ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്നതിന് തൊട്ടു മുമ്പാണ് അദ്ദേഹം സന്നിധാനത്ത് എത്തിയത്. 10.45 ഓടെ സോപാനത്തിന്റെ ഓരം ചേർന്നുനിന്ന യതീഷ്ചന്ദ്ര നടഅടയ്ക്കാൻ നിമിഷങ്ങളുള്ളപ്പോഴാണ് തൊഴുകൈകളോടെ മുന്നിലേക്ക് വന്നത്. തൊഴുതു നിൽക്കുന്ന യതീഷ് ചന്ദ്രയുടെ മുഖം പകർത്താൻ പലരും ശ്രമിച്ചെങ്കിലും സാധിച്ചില്ല. നട അടച്ചയുടൻ പടിഞ്ഞാറെ നടവഴി താഴേക്ക് ഇറങ്ങിയാണ് അദ്ദേഹം പോയത്. ദേവസ്വം കമ്മിഷണർ എൻ.വാസുവും മറ്റ് പ്രധാന പൊലീസ് ഓഫീസർമാരും സന്നിഹിതരായിരുന്നു.