കോട്ടയം: മോഹൻലാലിനെ മനസിൽക്കണ്ടാണ് 'ഒടിയൻ' എഴുതിയതെന്ന് തിരക്കഥാകൃത്ത് കെ.ഹരികൃഷ്ണൻ പറഞ്ഞു. ഒറ്റ സീൻ ലാലിനെ വായിച്ചുകേൾപ്പിച്ചതോടെയാണ് ഒടിയൻ സിനിമയാക്കാമെന്ന തീരുമാനത്തിൽ മോഹൻലാലും നിർമാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകൻ ശ്രീകുമാർ മേനോനുമെത്തുന്നത്. തിരക്കഥ വായിക്കാതെ മോഹൻലാൽ അഭിനയിക്കാൻ തയ്യാറായി എന്നതാണ് ഒടിയന്റെ പ്രത്യേകതയെന്നും കോട്ടയം പ്രസ് ക്ലബിലെ മീറ്റ് ദ പ്രസിൽ പത്രപ്രവർത്തകൻ കൂടിയായ ഹരികൃഷ്ണൻ പറഞ്ഞു.
50 കൊല്ലത്തെ പാലക്കാടൻ കഥയാണ് ഒടിയനിലൂടെ പറയുന്നത്. പലകാലഘട്ടങ്ങളെയും കുഴച്ച് മറിച്ച് അവതരിപ്പിക്കുന്ന നോൺ ലീനിയർ രീതിയിലാണ് സ്വീകരിച്ചത്. തന്റെ നാടായ പാലക്കാട്ട് പറഞ്ഞു കേട്ട മുത്തശിക്കഥകളിലെ ഒടിയൻമാരുടെ ചരിത്രമൊക്കെ തിരക്കഥയെ സ്വാധീനിച്ചിട്ടുണ്ട്. ഡിസംബർ 14ന് നാലുഭാഷകളിലായി 3500 തിയേറ്ററുകളിൽ ഒടിയൻ പ്രദർശനത്തിനെത്തും.