news-headlines

1. ശബരിമലയിലെ നിയന്ത്രണങ്ങള്‍ക്ക് എതിരായ പ്രതിഷേധങ്ങളില്‍ മുങ്ങി നിയമസഭാ സമ്മേളനം. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് സ്പീക്കര്‍. പ്രതിപക്ഷ അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് സ്പീക്കര്‍ ഇക്കാര്യം അറിയിച്ചത്. സഭാ നടപടികള്‍ ആരംഭിച്ചത് മുതല്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു. ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രിയുടെ മറുപടി നീണ്ടു പോയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിഷേധം. ചോദ്യോത്തര വേളയില്‍ സ്പീക്കറുടെ ഡയസിലേക്ക് പ്രതിപക്ഷം തള്ളിക്കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സഭ നിറുത്തിവെച്ചിരുന്നു.

2. മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ കൂടുതല്‍ സമയം നല്‍കിയെന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണം. സഭ നടത്തേണ്ടത് ഇങ്ങനെ ആണോ എന്നും സ്പീക്കറോട് പ്രതിപക്ഷ നേതാവിന്റെ ചോദ്യം. ആരോപണം, കേരളത്തില്‍ ഉണ്ടായ പ്രളയത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ക്കെല്ലാം മുഖ്യമന്ത്രി ഒരുമിച്ച് മറുപടി പറഞ്ഞതില്‍. ചോദ്യങ്ങള്‍ ഒരുമിച്ച് ചേര്‍ത്തത് ശരിയായില്ലെന്നും പ്രതിപക്ഷത്തിന്റെ ആക്ഷേപം. ശബരിമലയിലെ പ്രതിഷേധങ്ങളില്‍ നിയമസഭയില്‍ രേഖാമൂലം മുഖ്യമന്ത്രിയുടെ മറുപടി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വര്‍ഗീയ ധ്രുവീകരണം നടക്കുന്നു. വിശ്വാസികളെ പ്രകോപിപ്പിക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ശബരിമലയെ കലാപ ഭൂമിയാക്കാനാണ് ശ്രമം. കേസുകളില്‍ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് പ്രതികളെന്നും മുഖ്യമന്ത്രി.

3. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രശ്നത്തില്‍ സര്‍ക്കാര്‍ തത്ക്കാലം സുപ്രീംകോടതിയിലേക്ക് ഇല്ല. തീരുമാനം, ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍. വിധി സര്‍ക്കാരിന് അനുകൂലം എന്ന് വിലയിരുത്തല്‍. വിധി പഠിച്ച ശേഷം ഹര്‍ജിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം. സുപ്രീംകോടതിയില്‍ ഇന്ന് ഹര്‍ജി ഫയല്‍ ചെയ്യാനിരിക്കെ ആണ് സര്‍ക്കാര്‍ തീരുമാനം. ശബരിമലയിലെ സ്ഥിതിഗതികള്‍ സാധാരണ ഗതിയില്‍ ആക്കാനും ക്രമസമാധാനം ഉറപ്പാക്കാനും ഹൈക്കോടതി ഇന്നലെ മൂന്നംഗ നിരീക്ഷണ സമിതിയെ നിയോഗിച്ചിരുന്നു.

4. ക്രമസമാധാന പാലനത്തിന് ഒഴികെ പൊലീസ് ഏര്‍പ്പെടുത്തിയ എല്ലാ നിരീക്ഷണങ്ങളും റദ്ദാക്കിയ കോടതി, നിരോധനാജ്ഞയില്‍ ഇടപെട്ടില്ല. സന്നിധാനത്ത് ഭക്തകരുടെ നാമജപവും ശരണം വിളിയും തടയരുത് എന്ന് പറഞ്ഞ കോടതി പ്രതിഷേധവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും പാടില്ലെന്ന് വ്യക്തമാക്കി. അതിനിടെ, ശബരിമലയില്‍ തീര്‍ത്ഥാടകര്‍ കുറയുന്നത് കണക്കിലെടുത്ത് കൂടുതല്‍ ഭക്തരെ എത്തിക്കാന്‍ നടപടികളുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. മറ്റ് സംസ്ഥാനങ്ങളിലെ മാദ്ധ്യമങ്ങളില്‍ പരസ്യം നല്‍കുന്നത് ആലോചനയില്‍. ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന ഇതര സംസ്ഥാന ഭക്തരെ ശബരിമലയിലെ സൗകര്യങ്ങള്‍ ബോധ്യപ്പെടുത്തി കൂടുതല്‍ ഭക്തരെ എത്തിക്കാനും ബോര്‍ഡ് ലക്ഷ്യമിടുന്നുണ്ട്.

5. സസ്‌പെന്‍ഷനിലായ ഡി.ജി.പി ജേക്കബ് തോമസിന് എതിരെ വിജിലന്‍സ് അന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജിംഗ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നതായി ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയിരുന്നു. അന്വേഷണ ഉത്തരവ് സംബന്ധിച്ച ഫയല്‍ വിജിലന്‍സ് മേധാവി ബി.എസ് മുഹമ്മദ് യാസിന് ഇന്ന് കൈമാറിയേക്കും. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരിക്കെ 14.96 കോടിയുടെ ക്രമക്കേട് ഉണ്ടായെന്നാണ് കണ്ടെത്തല്‍. കേസില്‍ നേരത്തെ അന്വേഷണം വൈകിയതിനെ തുടര്‍ന്ന് ഉചിതമായ നടപടിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഐ.എ.എസ് സര്‍വീസ് നിയമാവലി തെറ്റിച്ചതിന്റെ പേരില്‍ ജേക്കബ് തോമസ് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.

6. ബി.ജെ.പിയും കോണ്‍ഗ്രസും നേര്‍ക്കു നേര്‍ പോരാടുന്ന മധ്യപ്രദേശും മിസോറാമും ഇന്ന് പോളിംഗ് ബൂത്തില്‍. ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. 40 അംഗ മിസോറാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ചു. വൈകിട്ട് നാലിന് പോളിംഗ് അവസാനിക്കും. മധ്യപ്രദേശില്‍ രാവിലെ എട്ടിന് ആരംഭിച്ച പോളിംഗ് വൈകിട്ട് അഞ്ചിന് അവസനാനിക്കും. മധ്യപ്രദേശില്‍ 230 നിയമസഭാ സീറ്റുകളിലേക്ക് ജനവിധി തേടുന്നത് 2907 സ്ഥാനര്‍ത്ഥികള്‍.

7. ഭരണ തുടര്‍ച്ച ഉറപ്പിച്ചാണ് മധ്യപ്രദേശില്‍ ബി.ജെ.പി പോരാട്ടത്തിന് ഇറങ്ങുന്നത്. എന്നാല്‍ ഭരണവിരുദ്ധ വികാരത്തില്‍ അധികാരം പിടിച്ചെടുക്കാം എന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസും. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ് മുഖ്യ പോരാട്ടമെങ്കിലും ബഹുജന്‍ സമാജ് പാര്‍ട്ടിയും സമാജ് വാദി പാര്‍ട്ടിയും ശക്തമായ പോരാട്ടത്തിനുണ്ട്. കോണ്‍ഗ്രസ് അധികാരത്തിലുള്ള ഏക വടക്ക് കിഴക്കന്‍ സംസ്ഥാനമാണ് മിസോറാം. 40 അംഗ നിയമസഭാ സീറ്റിലേക്ക് 209 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.

8. ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹത്തിന് ഒപ്പം 30 വിദേശ ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി- 43 വിക്ഷേപണം നാളെ. ശ്രീഹരിക്കോട്ടയില്‍ വിക്ഷേപണ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഉപഗ്രഹങ്ങളില്‍ 23 എണ്ണം അമേരിക്കയില്‍ നിന്നുള്ളതാണ്. പി.എസ്.എല്‍.വി ശ്രേണിയിലെ ഏറ്റവും ഭാരം കുറഞ്ഞ പതിപ്പാണ് നാളെ വിക്ഷേപണത്തിന് തയ്യാറാകുന്നത്. ഐ.എസ്.ആര്‍.ഒ വികസിപ്പിച്ച ഹൈസിസ് എന്ന ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ദൗത്യത്തില്‍ പ്രധാനമായുള്ളത്. ഭൗമോപരിതലത്തെ ഏറ്റവും അടുത്തുനിന്ന് പഠന വിധേയം ആക്കുകയാണ് ഹൈസിസിന്റെ ലക്ഷ്യം. കൃഷി, വനം, തീരദേശ മേഖലയുടെ നിര്‍ണയം, ഉള്‍നാടന്‍ ജല സംവിധാനം തുടങ്ങിയവയുടെ പഠനങ്ങള്‍ക്കും സൈനിക ആവശ്യത്തിനുമാകും ഹൈസിസില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിക്കുക.