കൊല്ലം: സി.പി.എമ്മിന്റെ വനിതാ എം.എൽ.എമാരെയും അവരുടെ കുടുംബാംഗങ്ങളെയും ആക്ഷേപിച്ച് സംസാരിച്ച ബി.ജെ.പി നേതാവ് ഒളിവിൽ പോയി. ബി.ജെ.പി കൊല്ലംജില്ലാ ജനറൽ സെക്രട്ടറി വയയ്‌ക്കൽ സോമനാണ് സംഭവം നടന്ന അന്ന് വൈകിട്ട് മുതൽ ഒളിവിൽ പോയത്. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ അറസ്‌റ്ര് ചെയ്‌തിൽ പ്രതിഷേധിച്ച് നവംബർ 19ന് സംസ്ഥാന വ്യാപകമായി നടത്തിയ ഒന്നര മണിക്കൂർ വഴി തടയൽ സമരത്തിനിടയിലായിരുന്നു വിവാദ പ്രസംഗം.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഗൗരവമേറിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഐ.പി.സി 354 (ലൈംഗികച്ചുവയോടെ സ്‌ത്രീകളെ പരസ്യമായി അപമാനിക്കൽ), 294 ബി (പൊതുസ്ഥലത്തെ അശ്ലീല പദപ്രയോഗം), 509 (സ്‌ത്രീകളുടെ അന്തസിനെ ഇകഴ്ത്തൽ), 153 (അശ്ലീലം കലർന്ന ആംഗ്യങ്ങളോടെയുള്ള പെരുമാറ്രം), കൂടാതെ കേരള പൊലീസ് ആക്‌ടിലെ 119 എ (പൊതു സ്ഥലത്ത് സ്‌ത്രീകളെ അപമാനിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
വനിത എം.എൽ.എമാരെ കൂടാതെ കെ.ബി.ഗണേശ് കുമാർ എം.എൽ.എയ്ക്കും കേരളാ കോൺഗ്രസ് ബി ചെയർമാൻ ആർ.ബാലകൃഷ്‌ണ പിള്ളയ്‌ക്കെതിരെയും അശ്ലീലം കലർന്ന ഭാഷയിൽ സംസാരിച്ചതിനും കേസുണ്ട്. വയയ്‌ക്കൽ സോമന്റെ രണ്ട് മൊബൈൽ സിമ്മുകളും സംഭവശേഷം പ്രവർത്തന രഹിതമാണ്. എങ്കിലും സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാണ്. കെ.സുരേന്ദ്രനെ അറസ്‌റ്ര് ചെയ്‌ത് ജയിലിലടച്ച സംഭവത്തിലുണ്ടായ വികാരത്തിൽ നടത്തിയ പ്രസംഗം മന:പൂർവമായിരുന്നില്ലെന്നാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് പറയുന്നത്.