ശ്രീനഗർ: കാശ്‌മീരിൽ നടന്ന ഏറ്റുമുട്ടലിൽ 'റെയ്സിംഗ് കാശ്‌മീരി'ന്റെ എഡിറ്ററായിരുന്ന മാദ്ധ്യമ പ്രവർത്തകൻ ഷുജാ അത് ബുഖാരിയെ കൊലപ്പെടുത്തിയ ലഷ്‌കറെ ത്വയ്ബ കമാന്റർ നവീദ് ജാട്ടിനെ സെെന്യം വധിച്ചു. പ്രത്യേക രഹസ്യാന്വേഷണ സംഘവും പൊലീസും സംയുക്‌തമായി അന്വേഷണം നടത്തിയിരുന്നു. ഇന്ന് പുലർച്ചെ ബുഡ്ഗാമിലുണ്ടായ ഏറ്റുമുട്ടലിലാണ് നവീജ് ജാട്ടിനെ സൈന്യം വധിച്ചത്. ഫെബ്രുവരിയിൽ നവീജ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.
ബുഡ്ഗാമിലെ ഒരു കെട്ടിടത്തിൽ ഭീകരവാദികൾ ഒളിഞ്ഞിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സൈന്യവും പൊലീസും പുലർച്ചെ സംയുക്തമായി തെരച്ചിൽ നടത്തിയത്. പാക്കിസ്ഥാനിലെ മുൾടാൻ സ്വദേശിയാണ് നവ്ജീത്. 2014 ജൂണിൽ കുൽഗാമിലെ യാരിപോരയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്‌തെങ്കിലും ആശുപത്രിയിൽ പരിശോധനയ്‌ക്ക് എത്തിച്ചപ്പോൾ രക്ഷപ്പെടുകയായിരുന്നു. 2013-2014 കാലയളവിൽ വിവിധ ആക്രമണങ്ങളിൽ നവ്ജീത് പങ്കാളിയായിരുന്നു.