sabarimala-protest

തിരുവനന്തപുരം: ശബരിമല ദർശനത്തിനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ തടഞ്ഞ കേസിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ചിത്തിര ആട്ടവിശേഷ സമയത്ത് സ്ത്രീയെ ആക്രമിച്ച കേസിൽ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട കോടതി പരിഗണിക്കുന്നതിനിടെയാണ് പുതിയൊരു കേസിൽ കൂടി പൊലീസ് അദ്ദേഹത്തെ പ്രതിയാക്കിയത്. എന്നാൽ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.

സമരങ്ങൾ നിരോധിച്ച മേഖലയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതിനാണ് സുരേന്ദ്രനും മറ്റ് 20 പേർക്കുമെതിരെ കേസ്. നിരോധന മേഖലയിൽ സമരങ്ങൾ സംഘടിപ്പിച്ചത് സുരേന്ദ്രന്റെ നേതൃത്വത്തിലാണെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് പൊലീസ് പറയുന്നു. ഈ ദൃശ്യങ്ങൾ കോടതിയിൽ തെളിവായി ഹാജരാക്കും. അതേസമയം, സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളിൽ മൂന്ന് ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, നെയ്യാറ്റിൻകര തഹസിൽദാരെ ഉപരോധിച്ച കേസിൽ സുരേന്ദ്രന് ഇന്ന് നെയ്യാറ്റിൻകര കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ മറ്റ് ആറ് കേസുകൾ കൂടി ഉള്ളതിനാൽ പുറത്തിറങ്ങാനാകുമായിരുന്നില്ല. ഇതിനിടയിലാണ് പൊലീസ് മറ്റൊരു കേസ് കൂടി ചുമത്തിയിരിക്കുന്നത്.