ps-sreedharan-pillai

തിരുവനന്തപുരം: ജനപക്ഷം നേതാവ് പി.സി.ജോർജ് മാത്രമല്ല കേരള രാഷ്ട്രീയത്തിലെ വമ്പന്മാർ ഇനിയും ബി.ജെ.പി പക്ഷത്തേക്ക് വരുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. കേരളത്തിലെ ന്യൂനപക്ഷങ്ങളെ സി.പി.എം ഭയാശങ്കയിലാഴ്‌ത്തുന്ന സമയത്താണ് കൂടുതൽ സഖ്യമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്രീധരൻപിള്ളയുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷം ശബരിമല വിഷയത്തിൽ ബി.ജെ.പിയുമായി സഹകരിക്കാൻ പി.സി.ജോർജ് തീരുമാനിച്ചിരുന്നു. എന്നാൽ താൻ ബി.ജെ.പിയിൽ ചേരുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നാണ് പി.സി.ജോർജിന്റെ പ്രതികരണം.

പി.സി ജോര്‍ജുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് നിയമസഭയില്‍ സഹകരിക്കാന്‍ തീരുമാനിച്ചത്. തിരഞ്ഞെടുപ്പിലെ സഖ്യമടക്കമുള്ള കാര്യങ്ങള്‍ക്ക് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുണ്ട്. ക്രിസ്‌ത്യന്‍ സമൂഹവുമായി അടുത്തിഴപഴകാന്‍ പറ്റുന്ന സാഹചര്യം അടുത്ത ആഴ്ച ഉരിത്തിരിയും. പി.സി ജോര്‍ജുമായുള്ള സഹകരണം കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നും ന്യൂനപക്ഷങ്ങളുമായുള്ള സഹകരണം ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

അതേസമയം, ശബരിമല‌ വിഷയത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി അംഗം ഒ.രാജഗോപാലും പി.സി ജോർജും ഇന്ന് കറുത്ത വേഷം ധരിച്ചാണ് നിയമസഭയിൽ എത്തിയത്.
സഭയിൽ കേരള ജനപക്ഷവും ബി.ജെ.പിയും ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞ ദിവസം ധാരണയിലെത്തിയിരുന്നു. ശബരിമല തീർത്ഥാടകരെ പിണറായി സർക്കാർ പീഡിപ്പിക്കുകയാണെന്നും ഇതിൽ ഉള്ള പ്രതിഷേധത്തിന്റെ പ്രതീകാത്മകമായ പ്രകടനമാണ് തങ്ങളുടേതെന്നും കറുത്ത വേഷത്തെ പരാമർശിച്ച് രാജഗോപാൽ പറഞ്ഞു. അടിയന്തരാവസ്ഥയെപോലും ലജ്ജിപ്പിക്കുന്ന രീതിയിലുള്ള മനുഷ്യാവകാശ ധ്വംസനമാണ് കേരളാ പൊലീസിന്റെ നേതൃത്വത്തിൽ ശബരിമലയിലും പരിസരത്തും നടക്കുന്നത്. വിശ്വാസികളെ വെല്ലുവിളിക്കുന്ന സമീപനമാണ് ഇടത് മുന്നണി സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം ആരോപിച്ചു.

പിണറായി സർക്കാരിന് കീഴിൽ ഇപ്പോൾ ഏറ്റവും അധികം പീഡനം അനുഭവിക്കുന്നത് സംസ്ഥാനത്തെ വിശ്വാസി സമൂഹമാണെന്ന് പി.സി ജോർജ് അഭിപ്രായപ്പെട്ടു.