e-chandrasekharan

തിരുവനന്തപുരം: ഹാരിസൺ കമ്പനി കൈവശം വച്ച ഭൂമി തിരിച്ചുപിടിക്കുന്ന കേസിൽ സർക്കാരിന്റെ മെല്ലെപ്പോക്കിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് കടുത്ത അതൃപ്തിയെന്ന് സൂചന. റവന്യൂ സെക്രട്ടറിയും ഇക്കാര്യത്തിൽ അനുകൂല നിലപാടല്ല സ്വീകരിക്കുന്നതെന്ന പരാതി മന്ത്രിയ്ക്കുണ്ട്. സ്വന്തം പാർട്ടിയുടെ പിന്തുണയും ഇക്കാര്യത്തിൽ മന്ത്രിക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ഇതോടെ രാജിവച്ച് ഒഴിഞ്ഞാലോ എന്ന് മന്ത്രി അടുപ്പമുള്ളവരുമായി പങ്കുവച്ചതായി സൂചനയുണ്ട്.

റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായ പി.എച്ച്.കുര്യൻ ജനുവരിയിൽ വിരമിക്കും. തുടർന്ന് താൻ നിർദേശിക്കുന്ന ഉദ്യോഗസ്ഥനെ സെക്രട്ടറിയായി കിട്ടണമെന്നാണ് മന്ത്രിയുടെ ആഗ്രഹം. എന്നാൽ, യു.ഡി.എഫിന്റെ കാലത്ത് വിവാദ തീരുമാനങ്ങളെടുത്ത മറ്റൊരു ഉദ്യോഗസ്ഥനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാൻ അണിയറയിൽ നീക്കം നടക്കുന്നുണ്ടത്രേ. അങ്ങനെയെങ്കിൽ മന്ത്രിയായി തുടരാൻ താത്പര്യമില്ലെന്ന നിലപാടിലാണത്രേ ഇ. ചന്ദ്രശേഖരൻ.

ഹാരിസണും അവർ കൈമാറിയ കമ്പനികളും കൈവശം വച്ച 38,000 ഏക്കർ ഭൂമി ഏറ്രെടുത്ത സർക്കാർ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ റിവ്യൂ പെറ്രീഷൻ നൽകണമെന്ന കാര്യത്തിൽ ബന്ധപ്പെട്ടവരോട് നിയമോപദേശം തേടിയിട്ട് രണ്ടുമാസമായിട്ടും മറുപടി കിട്ടാത്തതിലും ചന്ദ്രശേഖരന് അതൃപ്തിയുണ്ട്. ചില ഉന്നത ഇടപെടൽ കാരണമാണത്രേ നിയമോപദേശം വൈകിപ്പിക്കുന്നത്.

2018 ഏപ്രിൽ 11 നാണ് ഭൂമി ഏറ്റെടുത്തത് ഹൈക്കോടതി അസാധുവാക്കിയത്. 38,000 ഏക്കറിൽ ചെറുവള്ളി (2264ഏക്കർ),റിയ (206.5), ബോയ്സ് (1665), അമ്പനാട് ,(2697) ഒഴികെയുള്ളതെല്ലാം ഹാരിസണിന്റെ കൈവശമാണ്. ഹൈക്കോടതി വിധിക്ക് അടുത്ത ദിവസംതന്നെ റിയ എസ്റ്രേറ്രിന് പോക്കുവരവ് ചെയ്തുകൊടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതിനെതിരെ അപ്പീൽ പോകണമെന്ന വാദമുയർന്നിട്ടുണ്ട്. റിയയ്ക്ക് പോക്കുവരവ് ചെയ്തുകൊടുത്താൽ മറ്റുള്ളവരും ഇതേ ആവശ്യവുമായി വന്നാൽ നൽകേണ്ടിവരും. അതിനാലാണ് റിവ്യൂ പെറ്റീഷനെക്കുറിച്ച് മന്ത്രി ആലോചിച്ചത്. എന്നാൽ, അതിന് സി.പി.ഐയിൽ നിന്നടക്കം വേണ്ടത്ര പിന്തുണ കിട്ടുന്നില്ലെന്ന പരാതിയാണ് മന്ത്രിയ്ക്കുള്ളതെന്നാണ് അറിയുന്നത്. ഇക്കാര്യം തന്റെ അടുപ്പക്കാരോട് മന്ത്രി പങ്കുവച്ചുവെന്നാണ് വിവരം.