skeletons

ബിഹാർ: അമ്പതോളം അസ്ഥികൂടങ്ങളും തലയോട്ടികളുമായി ഒരാൾ അറസ്റ്റിലായി. ബിഹാറിലെ ബാലിയ-സീല്‍ദ എക്‌‌സ്‌പ്രസ് ട്രെയിനിൽ യാത്ര ചെയ്‌തിരുന്ന സഞ്ജയ് പ്രസാദിനെയാണ് റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്‌തത്. അസ്ഥികൂടങ്ങൾ ഉത്തർപ്രദേശിലെ ബാലിയയിൽ നിന്നാണ് കൊണ്ടുവരുന്നതെന്നും ഭൂട്ടാൻ വഴി ചൈനയിലേക്ക് കടത്തുകയാണ് ലക്ഷ്യമെന്നും സഞ്ജയ് പൊലീസിനോട് പറഞ്ഞു. ഇയാളിൽ നിന്ന് നേപ്പാൾ, ഭൂട്ടാൻ കറൻസികളും ഒട്ടേറെ എ.ടി.എം. കാർഡുകളും സിം കാർഡുകളും കണ്ടെടുത്തിട്ടുണ്ട്. കൂടാതെ രണ്ട് വ്യത്യസ്‌ത തിരിച്ചറിയൽ കാർഡുകളും പോലീസിന് ലഭിച്ചു.

ചൈനയിൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് അസ്ഥികൂടങ്ങൾ കടത്തിയതെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അസ്ഥികൂട കള്ളക്കടത്തുമായി ബന്ധപ്പെട്ട് നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഫിയകളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നു. അറസ്റ്റിലായ പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും, കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.