crime

കൊല്ലം: വീടിന്റെ മേൽക്കൂര പൊളിച്ചിറങ്ങി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമത്തിന് മുതിർന്ന യുവാവിനെ ചവറ പൊലീസ് അറസ്റ്ര് ചെയ്തു. ചവറ അറയ്ക്കൽ സ്വദേശി ഷാജി ജമാലിനെയാണ് (33) അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമ പ്രകാരം കേസെടുത്തു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.

പൊലീസ് പറയുന്നത്: പതിനഞ്ചുകാരിയുടെ മാതാപിതാക്കൾ പുലർച്ചെ നാലിന് ജോലിക്ക് പോയ തക്കം നോക്കി പ്രതി വീട് മേഞ്ഞിരുന്ന ആസ്ബറ്റോസ് ഷീറ്റ് അറുത്തു മാറ്റി ഊർന്നിറങ്ങി. നല്ല ഉറക്കത്തിലായിരുന്ന പെൺകുട്ടിയുടെ വസ്ത്രം ബ്‌ളേഡ് ഉപയോഗിച്ച് കീറാൻ ശ്രമിച്ചു. ഇതിനിടെ പെൺകുട്ടി ഉണർന്ന് ബഹളം വച്ചപ്പോൾ പ്രതി കതക് തുറന്ന് പുറത്തേക്ക് ഓടി.

പെൺകുട്ടി നൽകിയ വിവരങ്ങൾ വച്ചാണ് ബോട്ട് തൊഴിലാളിയായ പ്രതിയെ അറസ്റ്ര് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.