പത്തനംതിട്ട:ചിത്തിര ആട്ടവിശേഷ സമയത്ത് സ്ത്രീയെ ആക്രമിച്ചെന്ന കേസിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ സമർപ്പിച്ച ജാമ്യാപേക്ഷ വിധി പറയാനായി വെള്ളിയാഴ്‌ചത്തേക്ക് മാറ്റി. കേസന്വേഷണത്തെ ബാധിക്കുമെന്നതിനാൽ സുരേന്ദ്രന് ഒരു കാരണവശാലും ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ശബരിമലയിൽ സംഘർഷമുണ്ടാക്കിയ സംഭവത്തിൽ സുരേന്ദ്രന് പങ്കുണ്ടെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. എന്നാൽ സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസുകളാണെന്നും സർക്കാർ രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്നും സുരേന്ദ്രന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. തുടർന്ന് കേസ് പരിഗണിച്ച പത്തനംതിട്ട കോടതി വിധി പറയാനായി മറ്റന്നാളത്തേക്ക് മാറ്റുകയായിരുന്നു.
അതേസമയം, ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ച കേസിൽ സുരേന്ദ്രന് ജാമ്യം നൽകുമ്പോൾ മറ്റ് കേസുകളിൽ വാറണ്ട് ഉണ്ടായിരുന്നോ എന്ന് കോടതി ചോദിച്ചു. കേസിൽ 22ന് സുരേന്ദ്രന് ജാമ്യം ലഭിച്ചു. എന്നാൽ 23ആം തീയതിയല്ലേ പ്രൊഡക്ഷൻ വാറണ്ട് ഹാജരാക്കിയതെന്നും കോടതി ചോദിച്ചിരുന്നു. എന്നാൽ ശബരിമല വിഷയത്തിൽ സംഘർഷമുണ്ടാക്കിയതിന് സുരേന്ദ്രനെതിരെ തെളിവുകൾ ഉണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ശബരിമലയിൽ സംഘർഷമുണ്ടാക്കിയവരുമായി സുരേന്ദ്രൻ നടത്തിയ ഫോൺ രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.ഈ അവസ്ഥയിൽ ജാമ്യം നൽകിയാൽ അത് അന്വേഷണത്തെ ബാധിക്കും. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. തുടർന്ന് കേസ് വെള്ളിയാഴ്‌ചത്തേക്ക് മാറ്റുകയായിരുന്നു.
അതിനിടെ, ശബരിമല ദർശനത്തിനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ തടഞ്ഞ കേസിലും സുരേന്ദ്രനെ പൊലീസ് പ്രതിയാക്കി. സമരങ്ങൾ നിരോധിച്ച മേഖലയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതിനാണ് സുരേന്ദ്രനും മറ്റ് 20 പേർക്കുമെതിരെ കേസ്. നിരോധന മേഖലയിൽ സമരങ്ങൾ സംഘടിപ്പിച്ചത് സുരേന്ദ്രന്റെ നേതൃത്വത്തിലാണെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് പൊലീസ് പറയുന്നു. ഈ ദൃശ്യങ്ങൾ കോടതിയിൽ തെളിവായി ഹാജരാക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.