drama

കോഴിക്കോട്: കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ കുട്ടികൾ അവതരിപ്പിച്ച 'കിത്താബ്' എന്ന നാടകത്തിനെതിരെ ഇസ്ലാമിക മതമൗലികവാദികൾ ഉയർത്തിയ പ്രതിഷേധത്തിന് മുന്നിൽ സാംസ്‌കാരികരംഗത്തെ ബുദ്ധിജീവികൾ അവലംബിച്ച മൗനം അപലപനീയമാണെന്ന് തപസ്യ കലാ സാഹിത്യവേദി ഉത്തരമേഖല പ്രവർത്തകയോഗം.

പള്ളിയിൽ കയറി ബാങ്ക് വിളിക്കാനാഗ്രഹിച്ച പെൺകുട്ടിയുടെ കഥ അവതരിപ്പിച്ചത് ഇസ്ലാമിക വിശ്വാസത്തെ അപമാനിക്കാനാണെന്ന വാദമുയർത്തിയാണ് ഇസ്ലാമികസംഘടനകൾ നാടകത്തിനെതിരെ വാളോങ്ങിയത്.


കഥാകൃത്തായ ഉണ്ണി ആറിന്റെ വാങ്ക് എന്ന കഥയുടെ സ്വതന്ത്രാവിഷകാരമായ കിത്താബ് എന്ന നാടകത്തിനെതിരെ ഉയർന്ന പ്രതിഷേധത്തെ കണ്ടില്ലെന്ന് നടിക്കുകയാണ് ആവിഷ് കാരസ്വാതന്ത്ര്യത്തിന്റെ വക്താക്കളായി എന്നും രംഗത്തുവരാറുള്ള ഇടതുപക്ഷ എഴുത്തുകാരും ചിന്തകരും. ഇത് ഏകപക്ഷീയമായ മതപ്രീണനവും തികഞ്ഞ കാപട്യവുമാണ്. എസ്. ഹരീഷ് എഴുതിയ മീശ നോവലിലെ സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവും ഹിന്ദു വിരുദ്ധവുമായ പരാമർശങ്ങളെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ഭാഗമായി പ്രോത്സാഹിപ്പിച്ച എഴുത്തുകാരുടെ ഇപ്പോഴത്തെ നിലപാട് അങ്ങേയറ്റം അപലപനീയമാണ്.

തന്റെ കഥ സംവിധായകൻ റഫീഖ് മംഗലശ്ശേരി വളച്ചൊടിച്ചെന്നും ഇസ്ലാമികഫോബിയ ശക്തിപ്പെടുത്താൻ ഉപയോഗിച്ചെന്നുമുള്ള ഉണ്ണി ആറിന്റെ പ്രസ്താവന ഭീരുത്വവും അന്തസ്സില്ലായ്മയുമാണ്. മതാചാരങ്ങളെയും വിശ്വാസങ്ങളെയും ബോധപൂർവം കളങ്കപ്പെടുത്തുന്നത് സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കുമെന്ന് തിരിച്ചറിഞ്ഞ് എഴുത്തുകാർ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും തപസ്യ യോഗം അഭിപ്രായപ്പെട്ടു.


സംസ്ഥാന ജോയിന്റ് ജനറൽ സെക്രട്ടറി യു.പി. സന്തോഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി. ഉണ്ണിക്ഷൻ, അനൂപ് കുന്നത്ത്, ശ്രീശൈലം ഉണ്ണികൃഷ്ണൻ, ഉള്ളൂർ എം. പരമേശ്വരൻ, കെ. സച്ചിദാനന്ദൻ എന്നിവർ സംസാരിച്ചു.