indresh-kumar

ചണ്ഡീഗഡ്: അയോദ്ധ്യ വിഷയത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ രംഗത്ത്. അയോദ്ധ്യയിലെ ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് നിയമ നിർമാണം വൈകിപ്പിക്കുന്നതായി ആരോപിച്ചാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ളവർക്കെതിരെ ഇന്ദ്രേഷ് കുമാർ വിമർശനമുന്നയിച്ചത്. പഞ്ചാബ് സർവകലാശാലയിലെ സെമിനാറിൽ സംസാരിക്കവെയാണ് ഇന്ദ്രേഷ് കുമാറിന്റെ വിവാദ പരാമർശം. 'രാമക്ഷേത്ര നിർമാണത്തിനായി സർക്കാർ നിയമ നിർമാണത്തിന് ഒരുങ്ങുകയാണ്. ഇതിനെതിരെ ആരെങ്കിലും സുപ്രീം കോടതിയെ സമീപിക്കുകയാണെങ്കിൽ ചീഫ് ജസ്റ്റിസ് സ്റ്റേ അനുവദിക്കാൻ സാദ്ധ്യതയുണ്ട്.

ജഡ്‌ജിമാരുടെ പേരുകൾ പറയുന്നില്ല. ഇന്ത്യയിലെ 125 കോടി ജനങ്ങൾക്ക് ആ ബെഞ്ചിലുള്ള മൂന്നു ജഡ്‌ജിമാരുടെ പേരുകൾ അറിയാമെന്നും ഇന്ദ്രേഷ് കുമാർ വ്യക്തമാക്കി. സുപ്രീം കോടതിയിലെ എല്ലാ ജഡ്‌ജിമാരും ഇത്തരക്കാരല്ലെന്നും ഏതാനും പേരാണ് മുഴുവൻ നിയമ സംവിധാനത്തിനും ചീത്തപ്പേരുണ്ടാക്കുന്ന'തെന്നും ഇന്ദ്രേഷ് കുമാർ പറഞ്ഞു. നീതി നടപ്പാക്കാൻ തയ്യാറല്ലെങ്കിൽ ആ സ്ഥാനത്ത് തുടരണമോയെന്ന് ആ ജഡ്‌ജിമാർ ആലോചിക്കണമെന്നും ഇന്ദ്രേഷ് കുമാർ ആവശ്യപ്പെട്ടു. ഇവർ വിശ്വാസങ്ങളെയും, ജനാധിപത്യത്തെയും, ഭരണഘടനയെയും, മൗലികാവകാശങ്ങളെയും ഹനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യ കേസ് ജനുവരിയിൽ വാദം കേൾക്കണമെന്ന ആവശ്യം നിരാകരിച്ചുകൊണ്ടുള്ള സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തലവനായ ബെഞ്ചിനെ പരോക്ഷമായി പരാമർശിച്ചായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ പരാമർശം.