ന്യൂഡൽഹി: പാക്കിസ്‌താനിൽ വച്ച് നടക്കുന്ന സാർക്ക് ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. സാർക്ക് ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ചർച്ച വീണ്ടും തുടങ്ങാനുള്ള പാകിസ്ഥാന്റെ നീക്കമാണ് ഇന്ത്യ തള്ളിയത്. ഭീകരവാദവും ചർച്ചയും ഒന്നിച്ച് പോകില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി. അഫ്ഗാനിസ്‌താൻ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും ഉച്ചകോടിയിൽ നിന്ന് പിന്മാറി. പാക്കിസ്ഥാനിൽ ഭീകര പ്രവർത്തനങ്ങൾ നിർത്തുന്നതുവരെ ചർച്ചകൾ ഒന്നും ഉണ്ടാകില്ലെന്നും സാർക്ക് രാജ്യങ്ങളിൽ ഞങ്ങൾ പങ്കെടുക്കില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. പാക്കിസ്‌താൻ ആതിഥ്യം നൽകുന്ന സാർക്ക് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിക്കുമെന്ന് പാക് വിദേശകാര്യമന്ത്രാലയ വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എന്നാൽ, കർതാർപുർ തീർഥാടക ഇടനാഴിയുടെ പാക്കിസ്ഥാൻ ഭാഗത്തെ തറക്കല്ലിടൽ ചടങ്ങ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ന് നിർവഹിക്കും. ചടങ്ങിൽ പങ്കെടുക്കാൻ രണ്ട് കേന്ദ്രമന്ത്രിമാരും, പഞ്ചാബ് മന്ത്രി നവ്ജോത് സിംഗ് സിദ്ദുവും പാക്കിസ്ഥാനിലെത്തി. രണ്ടു വർഷത്തിനിടെ ആദ്യമായാണ് കേന്ദ്രമന്ത്രിമാർ പാക് മണ്ണിൽ കാലുകുത്തുന്നത്. 2016ലും പാക്കിസ്ഥാനിൽ നിശ്ചയിച്ചിരുന്ന സാർക്ക് സമ്മേളനം ഇന്ത്യ ബഹിഷ്ക്കരിച്ചിരുന്നു.