തിരുവനന്തപുരം: ശബരിമയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രതിഷേധങ്ങളെ കുറിച്ച് തമിഴ് സംവിധായകനും രാഷ്ട്രീയ പ്രവർത്തകനുമായ സീമാൻ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ശബരിമലയിലെ യുവതി പ്രവേശനത്തെ എതിർക്കുന്നവരെ പരിഹസിക്കുന്നതും വിമർശിക്കുന്നതുമാണ് പ്രസംഗത്തിൽ ഉടനീളം.
ശബരിമല അയ്യപ്പൻ ക്ഷേത്രത്തിൽ യുവതികൾ പോകണോ വേണ്ടയോ? ഇന്ന് ഏറ്റവും വലിയ ചർച്ചയായി ഇത് മാറിയിരിക്കുകയാണ്. ഈ വിവാദത്തിന് ആരാണ് തിരികൊളുത്തിയത്. പ്രേമകുമാരി എന്ന സംഘപരിവാർ പ്രവർത്തകന്റെ ഭാര്യ. സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് വിധി പറഞ്ഞ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ നിയമിച്ചത് ബി.ജെ.പി സർക്കാർ. ഇപ്പോൾ ഇതുമായി ബന്ധപ്പെടുത്തി ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഇതേ ബി.ജെ.പി അടങ്ങിയ സംഘപരിവാർ സംഘടനകളാണ്- സീമാൻ പറഞ്ഞു.
ശബരിമലയിലെ പ്രതിഷേധക്കാർ പറയുന്നത് അമ്പലം ഒരു പവിത്രമായ സ്ഥലമാണ് അത് കൊണ്ട് യുവതികളായ സ്ത്രീകൾ പ്രവേശിച്ചു കൂടാ എന്നാണ്. അപ്പോൾ മുരുകൻ കോവിലിലും, ശിവൻ കോവിലിലും ഈ പ്രശ്‌നം ഇല്ലേ ? ഈ അമ്പലങ്ങൾ പവിത്രമല്ലേ ? സീമാൻ ചോദിച്ചു.
കോവിൽ പവിത്രമാണ് സംശയമില്ല, എന്നാൽ എന്റെ അമ്മയേക്കാൾ പവിത്രമല്ല. സ്വർഗം അമ്മയുടെ കാലിന് ചുവട്ടിൽ ആണെന്ന് നടികർ നായകം പറഞ്ഞതും ഈ അവസരത്തിൽ ഓർക്കേണ്ടത് ആണ്. സീമാൻ ചൂണ്ടി കാട്ടി.