ന്യൂഡൽഹി: വധശിക്ഷ നിയമപരമെന്ന് സുപ്രീംകോടതി വിധി. ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, ദീപക് ഗുപ്‌ത, ഹേമന്ത് ഗുപ്‌ത എന്നിവരടങ്ങുന്ന ബെഞ്ചാണ് നിർണായകമായ വിധി പ്രഖ്യാപനം നടത്തിയത്. പൊതുവികാരത്തിന് അനുസരിച്ച് വധശിക്ഷ വിധിക്കാൻ കോടതികൾക്ക് മേൽ സമ്മർദ്ദം ഉണ്ടാകുന്നതിനാൽ ശിക്ഷാ രീതി മാറ്റണമെന്നും ന്യൂനപക്ഷ വിധിയിൽ ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു. വധശിക്ഷ ആവശ്യമില്ലന്നാണ് ആദ്യം ജസ്റ്റിസ് കുര്യൻ ജോസഫ് അഭിപ്രായപ്പെട്ടത്.
വധശിക്ഷ നൽകുന്നത് കൊണ്ട് സമൂഹത്തിൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കുറവ് വരുന്നില്ലെന്ന നിയമകമ്മീഷന്റെ 262ാം റിപ്പോർട്ട് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് കുര്യൻ ജോസഫ് എതിർത്തത്. പൊതുജന വികാരവും കൂട്ടായ ആവശ്യവും പൊതുതാൽപര്യവും ഉയർത്തി അന്വേഷണ ഏജൻസികൾ കോടതികളിൽ ഉയർത്തുന്ന സമ്മർദവും പലപ്പോഴും വിചാരണയെ ബാധിക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വധശിക്ഷയ്‌ക്ക് നിയമസാധുതയുണ്ടെന്നും അത് പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്നും ഭൂരിപക്ഷ വിധി വ്യക്തമാക്കിയ ജസ്റ്റിസ് ദീപക് ഗുപ്‌ത ചൂണ്ടിക്കാട്ടി. എന്നാൽ, ഛന്നുലാൽ വർമ എന്ന വ്യക്തിക്കു നൽകിയ വധശിക്ഷ ജീവപര്യന്തമായി വെട്ടിക്കുറയ്‌ക്കുന്ന കാര്യത്തിൽ മൂന്നു ജഡ്‌ജിമാരും ഒരേ അഭിപ്രായമാണ് രേഖപ്പെടുത്തിയത്.