aa-rahim

തിരുവനന്തപുരം: ശബരിമലയിൽ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ ജാതിയും മതവും പറഞ്ഞ് അധിക്ഷേപിച്ച് അവരുടെ മനോവീര്യം തകർക്കാനാണ് ആർ.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം പറഞ്ഞു. ഐ.ജി മനോജ് എബ്രഹാമിൽ തുടങ്ങി ഇപ്പോൾ യതീഷ് ചന്ദ്രയിലേക്ക് എത്തി നിൽക്കുകയാണ് ഈ ഭീഷണി. നിയമ വാഴ്ചയെ അട്ടിമറിക്കാനുള്ള ആർ.എസ്.എസ് ശ്രമത്തിന്റെ ഭാഗമാണ് ഈ ഭീഷണിപ്രയോഗം.ഒരിഞ്ചും പിറകോട്ട് പോകാൻ കേരളത്തിനാകില്ല. അക്രമിക്കപ്പെടുന്നവർക്ക് ആത്മവീര്യം പകരാൻ നമുക്കോരോരുത്തർക്കും ബാധ്യതയുണ്ടെന്നും എ.എ.റഹീം തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.

പോസ്‌റ്റിന്റെ പൂർണരൂപം

ഭീഷണി ഉത്തരേന്ത്യയിൽ മതി.. ഇത് കേരളമാണ്

ശബരിമലയിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ആർ.എസ്.എസ്, പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അവരുടെ ആത്മവീര്യം തകർക്കാൻ ശ്രമിക്കുകയാണ്.ഡ്യൂട്ടി ചെയ്ത ഐ ജി മനോജ് എബ്രഹാമിൽ തുടങ്ങി ഇപ്പോൾ യതീഷ് ചന്ദ്രയ്ക്ക് നേരെ വരെ എത്തി നിൽക്കുകയാണ് ഈ ഭീഷണി.

ഇത് ആർ.എസ്.എസ് ഉത്തരേന്ത്യയിൽ വ്യാപകമായി സ്വീകരിച്ചു വരുന്ന രീതിയാണ്.വ്യാപം അഴിമതി അന്വഷിക്കാനിറങ്ങിയ മാധ്യമപ്രവർത്തകരെയും ഉദ്യോഗസ്ഥരെയും സമാനതകളില്ലാത്ത വിധമാണ് ആർ.എസ്.എസ് വേട്ടയാടിയത്.ന്യായാധിപരെപ്പോലും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും നിയമ വ്യവസ്ഥയെ അട്ടിമറിക്കുന്ന ആർ.എസ്.എസ് രീതി കേരളത്തിലും ആവർത്തിക്കാനാണ് അവർ ശ്രമിക്കുന്നത്.സോഷ്യൽ മീഡിയ വഴി സംഘടിതമായ ആക്രമണമാണ് ഉദ്യോഗസ്ഥർക്കെതിരെയും മാധ്യപ്രവർത്തകർക്കെതിരെയും ഈ ദിവസങ്ങളിൽ ആർ.എസ്.എസ് കേന്ദ്രങ്ങൾ നടത്തുന്നത്.

സംഘടിതമായി വ്യക്തിഹത്യ നടത്തിയും ഭീഷണിപ്പെടുത്തിയും ഉദ്യോഗസ്ഥരെയും മാധ്യമ പ്രവർത്തകരെയും തങ്ങളുടെ കാൽക്കീഴിലാക്കാനുള്ള ശ്രമം ചെറുത്തു തോൽപ്പിക്കേണ്ട ബാധ്യത പൊതുസമൂഹത്തിനുണ്ട്.വ്യക്തിഹത്യ നടത്തുന്ന ക്രിമിനൽ സംഘങ്ങൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം.

ഉത്തരേന്ത്യയല്ല,ഇത് കേരളമാണ്. അവിടുത്തെ തന്ത്രങ്ങൾ പ്രയോഗിക്കാൻ പറ്റിയ മണ്ണല്ല കേരളമെന്നു നാഗ്പ്പൂറിലെ “തമ്പുരാക്കന്മാരോട്” ഇവിടെയുള്ള “സംഘപുത്രന്മാർ”
പറഞ്ഞുകൊടുക്കണം.

ഭീഷണിപ്പെടിത്തിയും കൊലവിളി നടത്തിയും ആത്മവീര്യം തകർക്കാൻ ആർ.എസ്.എസ് ശ്രമിക്കുന്തോറും അക്രമിക്കപ്പെടുന്നവർക്ക് പൊതുസമൂഹത്തിന്റെ പിന്തുണ വർധിക്കുന്ന അനുഭവമാണ് കേരളത്തിലുള്ളത്.നിങ്ങൾ കാണരുതെന്ന് വിലക്കിയ ചലച്ചിത്രങ്ങളൊക്കെ മലായാളികൾ തിയറ്റർ നിറഞ്ഞു ഹർഷാരവത്തോടെ വരവേറ്റു.ശരാശരി തമിഴ് ചിത്രമായ വിജയ് ചിത്രം “മെർസൽ” ഒരു മെഗാഹിറ്റാക്കി മാറിയതു നിങ്ങളുടെ ഭീഷണിയും വിലക്കും കൊണ്ട് മാത്രമാണ്.ബീഫ് കഴിച്ചാൽ കൊല്ലുമെന്ന് പറഞ്ഞ നിങ്ങളുടെ മുന്നിൽ നിരന്നു നിന്ന് ബീഫ് കഴിച്ചവരാണ് മലയാളികൾ.


ആദ്യം നട തുറന്ന ദിവസം നിലയ്ക്കലിൽ പൊലീസ് നടപടിക്ക് നേതൃത്വം നൽകിയ മനോജ് എബ്രഹാമിനെതിരെ മതം പറഞ്ഞു അക്രമം നടത്തിയത്,തുടർന്നുള്ള ദിവസങ്ങളിൽ പൊലീസ് നടപടി ദുര്ബലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു.എന്നാൽ കൂടുതൽ ശക്തമായ നടപടികളുമായി പൊലീസ് തുടർന്നും മുന്നോട്ട് പോകുകയാണ് ചെയ്തത്.ഇത് മാതൃകാപരമാണ്. നിയമ വാഴ്ചയെ അട്ടിമറിക്കാനുള്ള ആർ.എസ്.എസ് ശ്രമത്തിന്റെ ഭാഗമാണ് ഈ ഭീഷണി പ്രയോഗം.ഒരിഞ്ചും പുറകോട്ട് പോകാൻ കേരളത്തിനാകില്ല.അക്രമിക്കപ്പെടുന്നവർക്ക് ആത്മവീര്യം പകരാൻ നമുക്കോരോരുത്തർക്കും ബാധ്യതയുണ്ട്.