piravam-church

കൊച്ചി: ഓർത്തോഡോക്‌സ് യാക്കോബായ പള്ളി തർക്കം നിലനിൽക്കുന്ന പിറവം പള്ളിയിൽ സുപ്രിം കോടതി വിധി നടപ്പിലാക്കാത്ത സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ സർക്കാരിന് ഇരട്ടത്താപ്പാണെന്ന് ഹൈക്കോടതി വിമർശിച്ചു. പിറവത്ത് 200 പേർക്ക് സംരക്ഷണം നൽകാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. പിറവം പള്ളിത്തർക്ക കേസിലാണ് സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.


സർക്കാരിന്റെ ന്യായങ്ങൾ സാധാരണക്കാരന് മനസിലാവുന്നില്ല. ശബരിമല വിധി നടപ്പാക്കാൻ ആയിരക്കണക്കിന് പൊലീസിനെ വിന്യസിക്കുന്ന സർക്കാർ പിറവം പള്ളിയിലെ 200 പേർക്ക് സംരക്ഷണം നൽകാത്തത് എന്തുകൊണ്ടെന്നും ഹൈക്കോടതി ചോദിച്ചു.

യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിൽ ഉള്ള പിറവം പള്ളിയിൽ 1934 ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിർവഹണം വേണം എന്ന് ഏപ്രിൽ 19 നാണ് സുപ്രിം കോടതി വിധിച്ചത്. എന്നാൽ ഈ വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ സഹായിച്ചില്ല. ഇത് ചൂണ്ടിക്കാട്ടി ഓർത്തോഡോക്‌സ് വിഭാഗം സുപ്രിം കോടതിയിൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തിട്ടുണ്ടായിരുന്നു.