അയ്യാവൈകുണ്ഠ സ്വാമികൾ - മാനവരെല്ലാം ഒന്നാണെന്ന സമത്വ സങ്കല്പത്തെ ഏതാണ്ട് രണ്ടു നൂറ്റാണ്ടു മുമ്പേ തന്റെ ജീവൻ പണയം വച്ചും പ്രാവർത്തികമാക്കാൻ മുന്നിട്ടറങ്ങിയ ക്രാന്തദർശിയായ വിപ്ലവകാരി !.
1809-ൽ (കൊല്ലവർഷം 984) കന്യാകുമാരി ജില്ലയിലെ സ്വാമിത്തോപ്പ് ദേശത്ത് മുത്തുക്കുട്ടി എന്ന ബാലൻ ജനിക്കുമ്പോൾ അവർണ്ണരായ മനുഷ്യർക്ക് വഴിനടക്കാനും വെള്ളമുണ്ട് ഉടുക്കാനും സ്ത്രീകൾക്കു മാറു മറയ്ക്കാനും അവകാശമില്ലായിരുന്നു. ഫ്യൂഡൽ ചൂഷണാധിഷ്ഠിതവും ജാതിഭ്രാന്തും മൂലമുള്ള ഭയം കൊണ്ട് ദുരാചാരങ്ങളുടെ അന്തർമുഖത്വത്തിൽ ആണ്ടു കിടന്ന ഒരു ജനതയെ ആത്മഭിമാനത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് അയ്യാവൈകുണ്ഠർ കൈപിടിച്ചു നടത്തി.
അവനവനിൽ ഈശ്വരനെ കണ്ടെത്താനും തന്നെതന്നെ അറിഞ്ഞ് സ്വശരീരത്തെ പൂജിക്കാനും അദ്ദേഹം ഉദ്‌ഘോഷിച്ചു. അവർണർക്ക് അക്ഷരങ്ങളുടെ വെളിച്ചവും വിജ്ഞാനത്തിന്റെ വിഹായസ്സും വിലക്കപ്പെട്ടിരുന്ന കാലത്താണ് മുത്തുക്കുട്ടി എന്ന ബാലൻ കാലത്തിനു മുമ്പേ നടന്നു വളർന്ന് നിഷേധിയായതും, അയ്യാവൈകുണ്ഠർ രാജദ്രോഹി എന്ന മുദ്രകുത്തപ്പെട്ട ശിങ്കാരത്തോപ്പിലെ കാരഗൃഹത്തിൽ അടയ്ക്കപ്പെട്ടതും!
വേദപുരാണേതിഹാസങ്ങളിലും ഭാഷകളിലും പാണ്ഡ്യത്യം നേടിയ അദ്ദേഹം അദ്ധ്വാനത്തിന്റെ മഹത്വത്തിൽ അഭിമാനിക്കാനും മനുഷ്യരായി ജീവിക്കാനുള്ള അവകാശം സ്ഥാപിച്ചെടുക്കാനും ആഹ്വാനം ചെയ്തു.
ഇരുപത്തിനാലാം വയസ്സിൽ തിരുച്ചെന്തൂർ കടലിൽ വച്ച് ജ്ഞാനോദയം സിദ്ധിച്ചതിനെ തുടർന്നാണ് വെയിലമ്മാൾ പൊന്നു നാടാർ ദമ്പതികളുടെ പുത്രനായ ആ യുവാവ് അയ്യാവൈകുണ്ഠരായിതീർന്നതെന്നത്രേ വിശ്വാസം. അവർണ്ണരായ പെണ്ണുങ്ങൾ നാഭിക്കുമുകളിലും മുട്ടിനു താഴെയും മറക്കാൻ പാടില്ലെന്നായിരുന്നു അക്കാലത്തെ വ്യവസ്ഥ. മാറുമറക്കാനുള്ള അവകാശത്തിനായി മണ്ണിന്റെ മക്കൾ പൊതുനിരത്തിലിറങ്ങിയത് തങ്ങളുടെ നഗ്നത മറച്ച് തല ഉയർത്തിപ്പിടിച്ചു തന്നെയായിരുന്നു. ഐതിഹാസികമായ ആ സമരം തുല്യതയ്ക്കു വേണ്ടിയുള്ള ആദ്യത്തെ പോരാട്ടമായി സ്മരിക്കപ്പെടുന്നു.
നാട്ടുപ്രമാണിമാരുടെയും സ്ഥാപിത താല്പര്യക്കാരുടെയും ഏഷണികൾക്കും കുതന്ത്രങ്ങൾക്കും വശംവദനായ സ്വാതിതിരുനാൾ മഹാരാജാവിന്റെ അപ്രീതിക്കു പാത്രമായ അയ്യാ വൈകുണ്ഠരെ കൊടിയ പീഢനങ്ങൾക്കാണ് രാജകിങ്കരൻമാർ ഇരയാക്കിയത്. കക്ക നീറ്റുന്ന അറയിലിട്ടു, മുളക് സംഭരിച്ചു വക്കുന്ന അറയിലിട്ടു പൂട്ടി. വിറകു അടുക്കിവച്ച കനലിൽ നടത്തിച്ചു. പാലിൽ വിഷം ചേർത്തു നൽകി. തിളപ്പിച്ച എണ്ണയിൽ കൈമുക്കി സത്യം പറയിപ്പിക്കുകയും കുറ്റം സമ്മതിപ്പിക്കുകയും ചെയ്യുന്ന കാലം. തിരുവനന്തപുരത്ത് പുത്തരിക്കണ്ടത്ത് തന്നെ അടച്ചിട്ട കടുവാക്കൂട്ടിൽ നിന്നുപോലും അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടുവത്രേ.
സ്വാമിത്തോപ്പു മുതൽ തിരുവനന്തപുരത്തെ ശിങ്കാരത്തോപ്പുവരെ കുതിരവണ്ടിയിൽ കെട്ടിവലിച്ചും, അടിച്ചുമാണ് അയ്യാവൈകുണ്ഠരെ കൊണ്ടു വന്നത്.
ക്രൂരമായ ഭേദ്യം ചെയ്യലുകൾക്കിടയിൽ അദ്ദേഹത്തെ സന്ദർശിച്ച് സംഭാഷണങ്ങളിൽ ഏർപ്പെടാൻ ധൈര്യമുണ്ടായ ഒരാൾ തൈക്കാട് അയ്യാ സ്വാമികൾ.(1814-1909) ആയിരുന്നു. റസിഡന്റ് സായിപ്പിന്റെ റസിഡൻസി മാനേജരായിരുന്ന, മഹായോഗി ആയിരുന്ന അദ്ദേഹത്തെ ആദരവു കലർന്ന ഭയം ആയിരുന്നു രാജകിങ്കരൻമാർക്ക്. ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുവും യോഗ വിദ്യ അഭ്യസിച്ചിരുന്നത് തൈക്കാട് അയ്യാഗുരു സ്വാമിയിൽ നിന്നായിരുന്നു എന്നതും ചരിത്രം. അയ്യാഗുരു സ്വാമികൾ മേട്ടുക്കടയിലുള്ള തന്റെ ആശ്രമത്തിൽ പന്തിഭോജനം നടത്തിയിരുന്നു. മഹാത്മാ അയ്യൻകാളിയും സ്വാമികളുമായിരുന്നു പലപ്പോഴും ഇതിന്റെ കാർമ്മികത്വം. അയ്യാവൈകുണ്ഠരുടെ കൃതിയായ ''അകിലതിരട്ട്'' 317 ഇനം മനുഷ്യത്വ രഹിതമായ നികുതികളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.
കേരളീയ നവോത്ഥാനത്തിന്റെ മാത്രമല്ല ദക്ഷിണ ഇന്ത്യയിലെ (ദ്രാവിഡദേശത്ത്) തന്നെ ഐതിഹാസികമായ പ്രഥമപോരാട്ടത്തിന്റെ ഓർമ്മ പുതുക്കലാണ് നവംബർ 23 ന് സ്വാമിത്തോപ്പിൽ നിന്ന് ആരംഭിച്ച് ശിങ്കാരത്തോപ്പിൽ സമാപിക്കുന്ന അയ്യാവൈകുണ്ഠ മഹാപദയാത്ര.
അയ്യാവൈകുണ്ഠ സ്വാമികൾ ഉയർത്തിവിട്ട സമത്വ ആശയത്തെ ഇപ്പോഴത്തെ അദ്ധ്യക്ഷൻ - സ്വാമിത്തോപ്പ് സന്ദർശിച്ച എന്നോടു ഒറ്റവാചകത്തിൽ ഇങ്ങനെ പറഞ്ഞു. ''കടവുൾ കമ്മ്യൂണിസ്റ്റ് താൻ''.
(സ്വാമിത്തോപ്പ് സന്ദർശിച്ച് ബാല പ്രജാപതി അടികളാരുമായി സംഭാഷണത്തിലേർപ്പെട്ട ശേഷം തയ്യാറാക്കിയ കുറിപ്പ്.)