'പതിവുപോലെ പൊതിച്ചോറുമായിട്ടാണ് ഞാനന്നും കടലിൽപ്പണിക്ക് പോയത്. ഇതുപോലൊരു നവംബർ 29ന്.
ഞാനും തൊട്ടടുത്ത് താമസിക്കുന്ന ലോറൻസ് ആന്റണിയും ഒന്നിച്ചാണ് ഒരു വള്ളത്തിലുണ്ടായിരുന്നത്. "- പൂന്തുറ സ്വദേശി ലോറൻസ് ബെർണാർഡ് തിരിഞ്ഞുകിടന്നുകൊണ്ട് സംസാരിക്കാൻ തുടങ്ങി. മൂത്രംപോകാനായി ഇട്ടിരിക്കുന്ന ബാഗ് അനങ്ങിയപ്പോഴാകണം വേദനകൊണ്ട് അയാൾ ഞരങ്ങി.
''കടലിൽ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. കരയിൽ നടക്കുന്നതൊന്നും അറിയാൻ യാതൊരു മാർഗവുമുണ്ടായിരുന്നില്ല. രണ്ടുമൂന്നാൾപ്പൊക്കത്തിൽ തിരയടിച്ചുതുടങ്ങിയപ്പോഴും ചുഴലിയെക്കുറിച്ച് ഞങ്ങൾ ഓർത്തതുപോലുമില്ല. ചുറ്റുമുണ്ടായിരുന്ന വള്ളങ്ങളൊക്കെ നോക്കിനിൽക്കെ അപ്രത്യക്ഷമായി. വള്ളത്തിലും വെള്ളത്തിലുമായി നാല് ദിവസം. തണുപ്പ് സഹിക്കാൻ കഴിയാതെ വെള്ളത്തിലിറങ്ങി വള്ളത്തിന്റെ കയറിൽപ്പിടിച്ച് കിടന്നു. ഒപ്പമുണ്ടായിരുന്ന ലോറൻസ് ആന്റണി അഞ്ചാംദിവസമായപ്പോഴേക്കും മനോനില തെറ്റിയ നിലയിലായിരുന്നു. ഇടയ്ക്ക് മഴ ശമിച്ചപ്പോഴാണ് കേറിവാ ലോറൻസേ, മഴമാറിയെന്ന് ഞാൻ പറഞ്ഞത്. പക്ഷേ, ലോറൻസ് കയറിവന്നില്ല. പിന്നീടൊരിക്കലും, ദാ ഇന്നുവരെയും ലോറൻസ് തിരിച്ചുവന്നിട്ടില്ല." പറഞ്ഞവസാനിപ്പിക്കാൻ കഴിയാത്തുപോലെ ഓർമ്മകളുണ്ട് ലോറൻസിന്റെ കണ്ണിലും ചങ്കിലും. ഒരു വർഷമായി പണിക്കുപോയിട്ടും. വീട് പട്ടിണിയാകുമ്പോൾ ചോറുപൊതിയുമായി ഇറങ്ങാൻ വാശിപിടിക്കും. പക്ഷേ, ശരീരത്ത് പലയിടങ്ങളിലായുള്ള മുറിവും ചതവും ഒടിവുംകാരണം, നടക്കാൻപോയിട്ട് വേദനയില്ലാതെ ഒന്നെഴുന്നേറ്റിരിക്കാൻപോലും ലോറൻസിന് കഴിയില്ല. തിരവന്നതടിച്ചതോർക്കുമ്പോൾ ഇപ്പോഴും ലോറൻസിന്റെ നെഞ്ച് വേദനിക്കാറുണ്ടത്രെ! 25000 രൂപമാത്രമാണ് ഇക്കാലത്തിനിടയിൽ ലോറൻസിന് ലഭിച്ച ദുരിതാശ്വാസ ധനസഹായം. ചികിത്സയ്ക്കിടയിൽ വീടുവരെ ജപ്തിഭീഷണിയിലാണ്.
പരാതികളും നിവേദനങ്ങളുമായി കയറിയിറങ്ങിയ ഇടങ്ങളിലൊക്കെ, സഹായം ലഭിക്കാതിരിക്കാനുള്ള ലോറൻസിന്റെ അധികയോഗ്യതയായി അധികൃതർ കണ്ടെത്തിയത് ഒരേയൊരു കാര്യമായിരുന്നു, ലോറൻസ് ജീവിച്ചിരിപ്പുണ്ട് എന്ന്. പക്ഷേ, പരിതാപകരം എന്താണെന്ന് വച്ചാൽ, അവർ പറയുമ്പോൾ മാത്രമാണ് താൻ ജീവിച്ചിരിക്കുന്നതായി 48കാരനായ ലോറൻസിന് തോന്നുന്നത് എന്നതാണ്.
അക്കങ്ങളിൽ ഇടമില്ലാത്തവർ
2017 നവംബർ 29 മുതൽ ഡിസംബർ 6വരെ കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരുടെയും കാണാതായവരുടെയും അംഗവൈകല്യം സംഭവിച്ചവരുടെയും കണക്കുകളിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. 52 പേർ മരിച്ചുവെന്ന് സംസ്ഥാന ഫിഷറീസ് വകുപ്പ് പറയുമ്പോൾ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അറിയിക്കുന്നത് 60 പേരുടെ കണക്കാണ്. കാണാതായവർ 300 പേരെന്നാണ് സംസ്ഥാന സർക്കാരിന്റെ ഓദ്യോഗിക കണക്കുകളിൽ. ജില്ലതിരിച്ചുള്ള കണക്കുകളിൽ ഇത് അവ്യക്തവുമാണ്. തിരുവനന്തപുരം ജില്ലയിൽമാത്രം മരിച്ചവരുടെ എണ്ണം 144 ആണ്. എന്നാൽ, മൃതദേഹം കിട്ടിയ 64പേരെമാത്രമാണ് മരിച്ചവരായി സർക്കാർ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. ''ബാക്കിയുള്ളവർ ധനസഹായം തട്ടിയെടുക്കാനായി വിവിധസ്ഥലങ്ങളിൽ ഒളിച്ചുതാമസിക്കുന്നതായാണ് മന്ത്രി ഞങ്ങളെ പരസ്യമായി അധിക്ഷേപിച്ചുകൊണ്ട് പറഞ്ഞത്"- സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സ്റ്റെല്ലസ് പറയുന്നു.
ഒരിറ്റുജീവനാണ് അയോഗ്യത
പൂന്തുറയിൽ മൈക്കിളിന്റെ വീടിന് മീറ്ററുകൾക്ക് അകലെനിന്നാൽ കേൾക്കാം, ഉച്ചത്തിലുള്ള കരച്ചിൽ. അടുത്തടുത്ത് ചെല്ലുന്തോറും കരച്ചിൽ മൂളലുകളും ഞരക്കങ്ങളുമാകും. വീണ്ടും കരച്ചിൽ... കഴിഞ്ഞ ഒരുവർഷമായി മൈക്കിൾ ഗീത ഇങ്ങനെയാണ്. കടലിൽപ്പോയപ്പോഴല്ല 48കാരനായ മൈക്കിളിന് ദുരന്തം സംഭവിച്ചത്. കരയിൽനിന്നപ്പോഴാണ്. കൂട്ടിയിട്ടിരുന്ന വള്ളങ്ങൾക്കിടയിൽപ്പെട്ട് മൈക്കിൾ ചതഞ്ഞരഞ്ഞു. തലയ്ക്ക് മാരകമായ ക്ഷതമേറ്റു. ബാക്കിവന്ന ജീവൻ മെഡിക്കൽ കോളേജിലെത്തിച്ചപ്പോൾ അവർ തലയിലൊരു ശസ്ത്രക്രിയ നടത്തി. അതോടെ ഉണ്ടായിരുന്ന പ്രജ്ഞയും നഷ്ടപ്പെട്ടു. ഒരുവാക്ക് പോലും മിണ്ടാൻകഴിയില്ല. ഇക്കാലത്തിനിടയിൽ ഒരു സിംഗിൾകോട്ട് കട്ടിലിന്റെ കാൽഭാഗത്തോളമായി അയാൾ ചുരുങ്ങിക്കഴിഞ്ഞു. മൂത്ത സഹോദരി പണിക്ക് പോയിക്കൊണ്ടുവന്നാണ് കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ള വലിയ കുടുംബം കഞ്ഞികുടിച്ച് കഴിയുന്നത്. സർക്കാരിന്റെ ദുരിതാശ്വാസക്കണക്കുകളിൽ ജീവിച്ചിരിപ്പുണ്ട് എന്ന കാരണത്താൽ മൈക്കിളും അയോഗ്യനാണ്.
മനസിൽ തിരയടിച്ചവർ
ഓഖിയ്ക്കുശേഷം തിരികെവന്നവരെല്ലാം ഇപ്പോഴും ശരിയായ മാനസികനില കൈവരിച്ചവരല്ല.
അവരിൽ രണ്ടുമുതൽ ആറ് ദിവസം വരെ വെള്ളത്തിൽ മരവിച്ചു കിടന്നവരുണ്ട്. കടലിൽനിന്ന് ആ നിലവിളികൾ ഉയർന്ന ദിവസങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ ഉറക്കത്തിൽ പോലും ഞെട്ടിവിറയ്ക്കുന്നവരാണ് ഏറെയും. ശരീരത്തിനേറ്റ മുറിവുകൾ ഒട്ടുമുക്കാലും ഭേദമായി. പക്ഷേ, ഇനിയൊരിക്കൽക്കൂടി കടലിൽപ്പോയി ഉപജീവനം തേടാൻമാത്രം മനസിന് കെല്പില്ലാതായിക്കഴിഞ്ഞു. കലിതുള്ളിയ കടലിനെ തൊട്ടറിഞ്ഞ പുരുഷന്മാർക്ക് മാത്രമാണ് ഇങ്ങനെയൊരു അവസ്ഥയെന്ന് കരുതിയെങ്കിൽ തെറ്റി. ദിവസങ്ങളോളം അവരെ കാത്തിരുന്ന്, പ്രതീക്ഷ നഷ്ടപ്പെട്ട സ്ത്രീകൾക്ക്, കുട്ടികൾക്ക്, പ്രായമായവർക്ക് ഒക്കെ മാനസികനില ഭദ്രമല്ല. കഴിഞ്ഞ ഒരു വർഷമായി ഇവരൊക്കെ കടന്നുപോയ്ക്കൊണ്ടിക്കുന്നത് ഈ അസാധാരണമായ മനോനിലകളിലൂടെയാണ്. പറഞ്ഞുവരുമ്പോൾ ഓഖിയുടെ ഇരകൾ!
''ഇനിയൊരിക്കൽക്കൂടി കടലിൽപ്പോകാൻ പറ്റുമെന്ന് ഞങ്ങൾക്ക് തോന്നുന്നില്ല സാറേ... അത്രയ്ക്ക് കിടുങ്ങലാണ് ഉള്ളിൽ. കെട്ടിയ പെണ്ണ് മീൻകൊട്ടയുമായി പോകുന്നുണ്ട്. കുട്ടികൾ നാലാണ്. ആരോടാണ് ഇതൊക്കെ പറയണ്ടതെന്ന് പോലും ഞങ്ങക്കറിഞ്ഞൂടാ..സാറേ .." കൂടെയുള്ളവരെ കടൽവിഴുങ്ങുന്നത് കണ്ട് പാതിജീവൻ മുറുകെപ്പിടിച്ച് തിരിച്ചെത്തിയ ജോസഫ് പറയുന്നു. ''ഞങ്ങക്ക് പഠിപ്പില്ല, വേറെ പണിയൊന്നുമറിയില്ല. പിള്ളാരെയെങ്കിലും പഠിപ്പിക്കാമെന്ന് കരുതി. പക്ഷേ, ഇനിയങ്ങോട്ട് അതിനും കഴിയുമെന്ന് തോന്നുന്നില്ല" ശെൽവന് വിതുമ്പാൻ പോലും പേടിയാണ്. ലോറൻസും മൈക്കിളും ശെൽവനും ജോസഫും ഒരാളല്ല, ഒരു ജനതയാണ്. കടൽത്തീരം തൊട്ടിലും തിര താരാട്ടുമായി വളർന്ന ജനത. ഇപ്പോഴവർക്ക് ഒരു പരിധിയിൽക്കൂടുതലുള്ള കടലിരിമ്പം ഭീതിയാണ്. ഇനിയൊന്നും നഷ്ടപ്പെടാനില്ലാത്തവർക്കുള്ള നിസഹായതയാണ് തീരത്തിനാകെ. കുട്ടികൾക്ക് വിശന്നൊട്ടിയ വയർ ശീലമായിക്കഴിഞ്ഞു. കാരണം, അവർക്കറിയാം, തങ്ങൾ കണക്കിൽപ്പെടാത്തവരാണെന്ന്!
അടുപ്പ് കെടുത്തുന്ന മുന്നറിയിപ്പുകൾ
നിലവിൽ തീരദേശവാസികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന, സാമൂഹ്യ, സാമ്പത്തിക അരക്ഷിതാവസ്ഥകൾക്ക് പുറമെയാണ് അടിയ്ക്കടിയുണ്ടാകുന്ന കാലംതെറ്റിയ കാലാവസ്ഥ മുന്നറിയിപ്പുകൾ. ഉത്തരവാദിത്തത്തിൽ നിന്നൊഴിവാകാനായി ഇപ്പോൾ കാറും കോളും കാണുമ്പോൾതന്നെ വരുന്ന മുന്നറിയിപ്പുകൾ കാരണം മിക്കദിവസങ്ങളിലും തീരത്തെ വീടുകളിൽ അടുപ്പ് പുകയാറില്ല.
കരകയറ്റാനിറങ്ങിയവർ
ഓഖിയ്ക്കുശേഷം അറ്റകുറ്റപ്പണികൾ തീർത്തിറക്കിയ ബോട്ടുകളും ചെറുവള്ളങ്ങളും ഉപയോഗിച്ചാണ് ''കടലിന്റെ സൈന്യം" പ്രളയത്തിൽനിന്നും കേരളത്തെ കരകയറ്റാൻ ഇറങ്ങിയത്. ''ശരീരത്ത് മുറിവുകളും പഴുപ്പുകളും ഒക്കെയായാണ് ഞങ്ങളിലേറെപ്പേരും തിരികെവന്നത്. പക്ഷേ, അതിലൊന്നും ഞങ്ങൾക്ക് പരാതിയില്ല. ഞങ്ങൾ അനുഭവിച്ചതുപോലെ മറ്റാർക്കും ഉണ്ടാകരുതെന്ന് മാത്രമേ അപ്പോ ആഗ്രഹിച്ചുള്ളു. - 49കാരനായ ഡെൽബോ പറയുന്നു.
കടൽവിട്ടുപോയവർ
വാടകയ്ക്കെടുത്ത മത്സ്യബന്ധന വള്ളങ്ങളിലാണ് മിക്കവരും പണിക്ക് പൊയ്ക്കൊണ്ടിരുന്നത്. വള്ളവും വലയും മറ്റ് ഉപകരണങ്ങളും നശിച്ചു. നഷ്ടപ്പെട്ടവയ്ക്ക് തത്തുല്യമായ തുക നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും ലഭിച്ച ഏറ്റവും വലിയ തുക 14 ലക്ഷമാണ്. പക്ഷേ, അത് വള്ളമുടമകൾക്കാണെന്ന് മാത്രം. അവിടെയും പ്രതീക്ഷ നഷ്ടപ്പെട്ടത് ദിവസക്കൂലിക്ക് തിരയോട് മല്ലിടാൻ പോയവർക്കാണ്. പലരും കടലിനെ പൂർണമായും ഉപേക്ഷിച്ച് ഓട്ടോ ഓടിക്കാൻ പോയി, മറ്റുപലരും പുറംനാടുകളിൽ കൂലിപ്പണിക്ക് പോയി. ഇക്കഴിഞ്ഞ ദിവസമാണ് തീരത്തെ 40ഓളം സ്ത്രീകൾക്ക് തിരുവനന്തപുരം മുട്ടത്തറ വലനെയ്ത്തുകേന്ദ്രത്തിൽ ദിവസവേതനത്തിൽ ജോലി ലഭിച്ചത്. പക്ഷേ, മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുമാത്രമായി അതുംചുരുങ്ങി.
ഉറക്കമുരുണ്ടുകയറി വീർത്ത കണ്ണുകളിൽ ഇരുട്ട്, ചുറ്റും ഉയർന്നുപൊങ്ങി ആഞ്ഞടിക്കുന്ന തിരമാല, കടൽവെള്ളത്തിൽ ഉപ്പുകുടിച്ച് ദിവസത്തോളം കയറിൽപിടിച്ച് കിടന്ന് തണുത്തുമരവിച്ച ശരീരങ്ങൾ, ജീവനുണ്ടോ എന്നുപോലും സ്വയം തിരിച്ചറിയാൻ കഴിയാതിരുന്ന മനസുകൾ, ഒപ്പം ഉണ്ടുറങ്ങിക്കിടന്നവരെ കടലെടുത്തതിന്റെ അങ്കലാപ്പ്.. പുറമെ കാണുമ്പോൾ കടൽശാന്തമാണെങ്കിലും ഓഖിയെടുത്ത കേരളത്തിന്റെ തീരങ്ങൾ ഇപ്പോഴും അശാന്തമാണ്.