തിരുവനന്തപുരം: ശബരിമല ദർശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്‌ണനെയും ഹൈക്കോടതി ജഡ്‌ജിയെയും നിലയ്‌ക്കലിൽ സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്.പി യതീഷ് ചന്ദ്ര തടഞ്ഞത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. എന്നാൽ ജഡ്‌ജിയെ തടഞ്ഞത് കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ വരെ വിമർശനത്തിനും കാരണമായിരുന്നു. അതേസമയം, ഇരുവരെയും തടഞ്ഞ എസ്.പി യതീഷ് ചന്ദ്രയെ കളിയാക്കി സാമൂഹിക നിരീക്ഷകൻ അഡ്വ.ജയശങ്കർ രംഗത്തെത്തി. കേന്ദ്രമന്ത്രിയെ തടയാമെങ്കിൽ ഹൈക്കോടതി ജഡ്‌ജിയെയും തടയാമെന്നും അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ
ശബരിമല സന്നിധാനത്ത് സംഘപരിവാരം ശരണം വിളിക്കുന്നതും അറസ്റ്റ് വരിക്കുന്നതും നമുക്ക് മനസിലാക്കാം. അത് സമുദായ വികാരം ആളിക്കത്തിക്കാനാണ്.
കോൺഗ്രസും ലീഗും മാണി ഗ്രൂപ്പും നാളെ മുതൽ നിയമസഭ സ്തംഭിപ്പിക്കും എന്നു ഭീഷണി മുഴക്കുന്നതും മനസിലാക്കാം. അത് രാഷ്ട്രീയ മുതലെടുപ്പാണ്.
എന്നാൽ ഈ ഹൈക്കോടതി എന്തിനുളള പുറപ്പാടാണ്?
ഒരു ജഡ്ജിയെ തടയുന്നതും പരിശോധന നടത്തുന്നതും അത്ര വലിയ അപരാധമാണോ? നിയമത്തിനു മുന്നിൽ എല്ലാവരും സമന്മാരാണെന്നു പറയുന്ന ജഡ്ജിമാർ അയ്യപ്പ സന്നിധിയിൽ പ്രത്യേക പരിഗണന ആവശ്യപ്പെടുന്നത് ശരിയാണോ?
ശബരിമലയിലെത്തുന്ന സകലരെയും തടയണം, പരിശോധിക്കണം, സുരക്ഷ ഉറപ്പു വരുത്തണം എന്നാണ് മേലാവിൽ നിന്നുള്ള ഉത്തരവ്. കേന്ദ്രമന്ത്രിയെ തടയാമെങ്കിൽ ഹൈക്കോടതി ജഡ്ജിയെയും തടയാം. പരിഭവിച്ചിട്ടു കാര്യമില്ല.
ഹൈക്കോടതി നിയോഗിച്ച നിരീക്ഷകരെയും തടഞ്ഞു പരിശോധന നടത്തും. സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല.
അറിയാത്ത ജഡ്ജി ചൊറിയുമ്പോൾ അറിയും.