sreesanth

ന്യൂഡൽഹി: ഐ.പി.എൽ വാതുവയ്‌പ് കേസ് ഡൽഹി പൊലീസ് കെട്ടിച്ചമച്ചതാണെന്ന് ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരി. ട്വിറ്ററിൽ പോസ്റ്റ് ചെയ്‌ത കത്തിലാണ് ഭുവനേശ്വരി ഡൽഹി പൊലീസിനും ബി.സി.സി.ഐയ്‌ക്കുമെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ചത്. 'അന്ന് രാജ്യത്തെ നടുക്കിയ നിർഭയ കേസുമായി ബന്ധപ്പെട്ട് രാജിക്കുള്ള സമ്മർദം ശക്തമായതോടെ ശ്രദ്ധ തിരിച്ചുവിടാൻ ‌‌ഡൽഹിയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കെട്ടിച്ചമച്ചതാണ് വാതുവയ്പ്പ് കേസെ'ന്ന് ഭുവനേശ്വരി കത്തിൽ ആരോപിക്കുന്നു.

കേസിലെ തന്റെ വീഴ്‌ചകൾ മറയ്‌ക്കാൻ അയാൾ ശ്രീയെ ബലിയാടാക്കുകയായിരുന്നു. വാതുവയ്പ്പുമായി ബന്ധപ്പെട്ട് ഉയർന്ന എല്ലാ ആരോപണങ്ങളിൽനിന്നും ശ്രീയെ 2015 ജൂലായിൽ കോടതി കുറ്റവിമുക്തനാക്കിയതാണെന്നും ഭുവനേശ്വരി പറഞ്ഞു. മൊഹാലിയിൽ വാതുവയ്പ്പുകാരനിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങി ശ്രീശാന്ത് ഒരു ഓവറിൽ 14 റൺസ് വിട്ടുകൊടുക്കുകയും വെളുത്ത ടവ്വൽ ധരിച്ച് സൂചന നൽകുകയും ചെയ്‌തുവെന്നായിരുന്നു ഡൽഹി പൊലീസിന്റെ ആരോപണം.

'എപ്പോഴത്തെയും പോലെ ആവേശത്തോടെയാണ് ശ്രീ അന്നും പന്തെറിഞ്ഞത്. അന്ന് മത്സരം നടക്കുമ്പോൾ 48 ഡിഗ്രി സെൽഷ്യസായിരുന്നു ചൂട്. അതുകൊണ്ടുതന്നെ വിയർപ്പ് തുടയ്‌ക്കാൻ എല്ലാവരും തന്നെ ടവ്വൽ ധരിച്ചിരുന്നു. വാതുവയ്പ്പുകാരനാണെന്ന് പോലീസ് പറയുന്ന ജിജു, ഒരു പ്രഫഷണൽ രഞ്ജി ട്രോഫി താരവും രാജ്യത്തെ പ്രതിനിധീകരിക്കാൻ ആഗ്രഹിച്ചിരുന്നയാളുമാണ്. അതിനായി ശ്രീ സഹായം നൽകുകയും ചെയ്‌തിരുന്നു. ഇരുവരും എം.ആർ.എഫ് പേസ് ഫൗണ്ടേഷനിൽ ആയിരുന്നതിനാൽ സുഹൃത്തുക്കളുമായിരുന്നുവെന്നും അവർ വ്യക്തമാക്കി.

കേസിൽ കോടതി ശ്രീക്ക് ക്ലീൻ ചിറ്റ് നൽകിയതാണ്. എന്നിട്ടും ബി.സി.സി.ഐ ഇപ്പോഴും കാര്യങ്ങൾ പിടിച്ചുവയ്‌ക്കുകയാണ്. ശ്രീയേപ്പോലൊരാൾ, രാജ്യത്തിനു നാണക്കേടുണ്ടാക്കുന്ന തലത്തിലേക്ക് താഴില്ലെന്നും കുറച്ചു ലക്ഷങ്ങൾക്കായി സ്വന്തം കരിയർ നശിപ്പിക്കില്ലെന്നും ഭുവനേശ്വരി ചൂണ്ടിക്കാട്ടുന്നു. ചെയ്യാത്ത കുറ്റത്തിന് ശ്രീ എന്തിനാണ് ശിക്ഷ അനുഭവിക്കുന്നത്.

ബി.സി.സി.ഐ അഴിമതിക്കെതിരെ നിലകൊള്ളുന്നവരാണെങ്കിൽ കോടതിയുടെ നിർദേശ പ്രകാരം മുദ്ഗൽ കമ്മിറ്റി സീൽ ചെയ്‌ത കവറിൽ നൽകിയ 13 പേരുടെ കാര്യം ഇവർ എന്തുകൊണ്ട് പറയുന്നില്ല? എന്തിനാണ് ഈ കാര്യത്തിൽ ഇരട്ടത്താപ്പ് കാട്ടുന്നത്? എന്തുകൊണ്ടാണ് ശ്രീ മാത്രം ഇങ്ങനെ കുറ്റക്കാരനല്ലെന്ന് വിധിച്ചിട്ടും നീതിക്കായി പോരാടേണ്ടി വരുന്നത് എന്നും ഭുവനേശ്വരി ചോദിക്കുന്നു. വാതുവയ്പ്പ് കേസുമായി ബന്ധപ്പെട്ട ദുരനുഭവങ്ങളെ കുറിച്ച് ഒരു ചാനൽ റിയാലിറ്റി ഷോയിൽ ശ്രീശാന്ത് സംസാരിച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചതിന് പിന്നാലെയാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചുള്ള ഭുവനേശ്വരിയുടെ കത്ത്.

Heart to Heart message for #SreeFam
A False accusation can ruin person's life. @sreesanth36 #sreesanth #bb12 #BigBoss12 pic.twitter.com/j95JtvxtlT

— Bhuvneshwari Sreesanth (@Bhuvneshwarisr1) November 27, 2018