imran-khan

കർതാർപൂർ: ഇന്ത്യയെയും പാകിസ്ഥാനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഗുർദാസ്‌പൂർ- കർതാർപൂർ തീർത്ഥാടന ഇടനാഴിക്ക് പാകിസ്ഥാനും തറക്കല്ലിട്ടു. പഞ്ചാബിലെ ഗുർദാസ്‌പൂരിനെയും പാകിസ്ഥാനിലെ കർതാർപൂരിലെ ഗുരു നാനാക്ക് പ്രാർത്ഥനാകേന്ദ്രമായ ഗുരുദ്വാര ഡർബാർ സാഹിബിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴിക്കാണ് കർതാർപൂരിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്നലെ തറക്കല്ലിട്ടത്. ഇന്ത്യയിലെ സിക്ക് തീർത്ഥാടകരുടെ ഏറെ നാളത്തെ ആവശ്യം ഒരാഴ്ച മുമ്പാണ് പാകിസ്ഥാൻ അംഗീകരിച്ചത്. പഞ്ചാബ് മന്ത്രി അമരീന്ദർ സിംഗ് സിദ്ദുവും ചടങ്ങിൽ പങ്കെടുത്തു. അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുരു നാനാക്കിന്റെ 550-ാമത് ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായാണ് നടപടികൾ വേഗത്തിലാക്കുന്നത്.

ഇന്ത്യയ്ക്കും പാകിസ്ഥാനും സുഹൃത്തുക്കളാകാമെന്ന് ഇമ്രാൻ ഖാൻ

നിരവധി യുദ്ധങ്ങളിൽ ശത്രുപക്ഷങ്ങളിലായിരുന്ന ഫ്രാൻസും ജർമനിയും ഇന്ന് നല്ല അയൽക്കാരായി തുടരുകയാണ്. എങ്കിൽ എന്തുകൊണ്ട് ഇന്ത്യയ്ക്കും പാകിസ്ഥാനും അതിന് കഴിയില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ചോദിച്ചു. ഇന്ത്യയുമായുള്ള വാണിജ്യബന്ധം പുനരാരംഭിക്കുന്നതിനെ പറ്റിയും ഇമ്രാൻ ഖാൻ സൂചിപ്പിച്ചു. ''അയൽരാജ്യങ്ങൾ തമ്മിൽ വ്യാപാര ബന്ധങ്ങൾ പുനരാരംഭിച്ചാൽ ഉപഭൂഖണ്ഡങ്ങളിലെ പട്ടിണി മാറ്റാൻ സാധിക്കും. ഇക്കാര്യത്തിൽ ഇന്ത്യ ഒരു പടി മുന്നോട്ടുവയ്ക്കാൻ തയ്യാറായാൽ പാകിസ്ഥാൻ രണ്ടു ചുവട് മുന്നോട്ടുവയ്ക്കും."- ഇമ്രാൻ ഖാൻ പറഞ്ഞു. ഗുരുദ്വാര ഡർബാർ സാഹിബ് രവീ നദീതീരത്ത് ദേരാ ബാബാ നാനാക്ക് ക്ഷേത്രത്തിൽ നിന്ന് നാലു കിലോമീറ്റർ മാറിയാണ് ഗുരുദ്വാര ഡർബാർ സാഹിബ് സ്ഥിതി ചെയ്യുന്നത്. 1522ൽ സിക്ക് ഗുരുവായ നാനാക്കാണ് പ്രാർത്ഥനാ കേന്ദ്രം ആരംഭിച്ചത്. പിന്നീട് നാനാക്ക് സമാധിയായെന്ന് കരുതപ്പെടുന്ന ഇവിടെ ആദ്യത്തെ ഗുരുദ്വാര പണികഴിപ്പിക്കുകയായിരുന്നു. 20 വർഷങ്ങൾക്കുമുമ്പാണ് ഗുർദാസ്‌പൂർ- കർതാർപൂർ ഇടനാഴി എന്ന ആവശ്യം ഇന്ത്യ മുന്നോട്ടുവച്ചത്. ഇന്ത്യൻ ഭാഗത്തെ നിർമ്മാണത്തിന് കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തറക്കല്ലിട്ടു. കർതാർപൂർ ഇടനാഴി ആരംഭിക്കുന്നതോടെ വിസയില്ലാതെ ഇന്ത്യൻ തീർത്ഥാടകർക്ക് പാകിസ്ഥാനിലെത്താം. ആറ് മാസത്തിനകം പണി പൂർത്തിയാക്കും.