തിരുവനന്തപുരം: കണ്ണൂർ- കരുണ മെഡിക്കൽ ഓർഡിനൻസ് ബിൽ ഒപ്പിട്ടത് താൽപര്യമില്ലാതെയാണെന്ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. ഓർഡിനൻസിൽ ഒപ്പിട്ടത് ഭരണ-പ്രതിപക്ഷങ്ങളുടെ നിർബന്ധത്തെ തുടർന്നാണ്. സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി പ്രതീക്ഷിച്ചിരുന്നെന്നും ഗവർണർ വ്യക്തമാക്കി.
നിയമസഭയിൽ നടക്കുന്ന പ്രതിഷേധങ്ങളെയും ഗവർണർ രൂക്ഷമായി വിമർശിച്ചു. സഭയിൽ നടക്കുന്ന പ്രതിഷേധങ്ങൾ നടപടിയെ ബാധിക്കരുതെന്ന് ഗവർണർ പറഞ്ഞു. ജനങ്ങൾ സമ്മേളനം വീക്ഷിക്കുന്നുണ്ടെന്ന് ഓർക്കണമെന്നും ഗവർണർ കൂട്ടിച്ചേർത്തു
കണ്ണൂർ, പാലക്കാട് കരുണ മെഡിക്കൽ കോളജുകളിൽ 2016–17ൽ ക്രമവിരുദ്ധമായി എംബിബിഎസ് പ്രവേശനം ലഭിച്ച 180 വിദ്യാർഥികളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ഇറക്കിയ ഓർഡിനൻസ് സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. ജുഡീഷ്യറിയുടെ അധികാരത്തിൽ ഇടപെട്ടുവെന്നു വിമർശനം. ക്രമവിരുദ്ധമായി എംബിബിഎസ് പ്രവേശനം നേടിയവരെ സംരക്ഷിക്കുന്നതിനാണ് ഓർഡിനൻസ് പുറത്തിറക്കിയത്. ഇതു ഭരണഘടനാ വിരുദ്ധമാണെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചിരുന്നു.