-neyyattinkara-murder

തിരുവനന്തപുരം: ഡിവൈ.എസ്.പി ബി.ഹരികുമാർ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന നെയ്യാറ്റിൻകര സ്വദേശി സനലിനെ പൊലീസുകാർ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചുവെന്ന സംശയം ബലപ്പെടുന്നു. സനലിന്റെ മൃതദേഹത്തിൽ മദ്യത്തിന് സമാനമായ ഗന്ധമുണ്ടായിരുന്നുവെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തായതോടെയാണ് ഈ സംശയം ബലപ്പെട്ടത്. എന്നാൽ ആമാശയത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താനാവാത്തത് സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിച്ചു. ആമാശയത്തിൽ മദ്യം ചെന്നിട്ടില്ലാത്തതിനാൽ ആന്തരികാവയവങ്ങളുടെ രാസ പരിശോധനയിൽ മാത്രമേ മദ്യം തന്നെയാണോയെന്ന് സ്ഥിരീകരിക്കാനാകൂ. നേരത്തെ അപകടത്തിൽ പരിക്കേറ്റ സനലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസുകാർ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചുവെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.

അതേസമയം, തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് സനലിന്റെ മരണത്തിന് കാരണമായതെന്നും റിപ്പോർട്ടിൽ തുടരുന്നു. തലയ്ക്ക് പിന്നിലും ഇരുവശത്തും നെഞ്ചിലും വയറിലും മുറിവുകളുണ്ട്. തലച്ചോറിൽ രക്തസ്രാവം കണ്ടെത്തി. ശരീരത്തിനുളളിൽ ആന്തരികാവയവങ്ങൾക്ക് പുറത്തുള്ള ഭാഗത്ത് മദ്യത്തിന് സമാനമായ ഗന്ധം ഉണ്ടായിരുന്നുവെന്നാണ് പോസ്‌റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. എന്നാൽ അമാശയത്തിൽ മദ്യത്തിന്റ അംശമില്ല. ഉള്ളിൽ മദ്യം ചെന്നിരുന്നോയെന്നും ഉണ്ടെങ്കിൽ എത്ര അളവിലുണ്ടായിരുന്നുവെന്നും രക്തത്തിന്റേയും ആന്തരാവയവങ്ങളുടെയും രാസപരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ.

ഒക്‌ടോബർ അഞ്ചിന് രാത്രിയാണ് നെയ്യാറ്റിൻകര സ്വദേശിയായ സനലിനെ വാക്കുതർക്കത്തിനൊടുവിൽ ഡിവൈ.എസ്.പി ഹരികുമാർ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുന്നത്. ഇതിന് പിന്നാലെ സ്ഥലത്ത് നിന്നും മുങ്ങിയ ഹരികുമാറിനെ ദിവസങ്ങൾക്ക് ശേഷം വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.