വ്യത്യസ്ത ഗ്ലാമർ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ മിക്കപ്പോഴും ആളുകളുടെ വായിൽനിന്ന് നല്ലതും ചീത്തയുമായ കമന്റുകൾ കേൾക്കേണ്ടിവരും. പ്രത്യേകിച്ച് സെലിബ്രിറ്റികളാണെങ്കിൽ പറയുകയും വേണ്ട. ഇതൊക്കെ കേട്ടിട്ട് മിണ്ടാതിക്കുന്നവരും രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുന്നവരും ഉണ്ട്. ഇപ്പോഴിതാ, തിയേറ്ററുകളിൽ നിറഞ്ഞോടുന്ന ജോജു ജോർജ് ചിത്രം ''ജോസഫി'ന്റെ നായിക മാധുരിയാണ് തന്നെ വിമർശിച്ച ആളുടെ വായടപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ‘നിങ്ങളുടെ ചിന്താഗതികൾ അവിടെതന്നെ വച്ചുകൊള്ളൂ. എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങൾ ഞാൻ പുറത്തു കാണിക്കും. സമത്വത്തിലും ബോഡി പോസിറ്റിവിറ്റിയിലും ഞാൻ വിശ്വസിക്കുന്നു’- എന്നായിരുന്നു മാധുരിയുടെ മറുപടി.
‘ഒരു പുരുഷന് നെഞ്ചുകാണിച്ച് നടക്കാമെങ്കിൽ സ്ത്രീയ്ക്കും അങ്ങനെ ആയിക്കൂടേ ? ഒരു സ്ത്രീക്ക് വയറുകാണുന്ന രീതിയിൽ സാരി ധരിക്കാമെങ്കിൽ നമുക്കും ഇഷ്ടമുള്ള ശരീരഭാഗം കാണിച്ച് വസ്ത്രം ധരിക്കാം. പുരുഷന് പൊതുനിരത്തിൽ മൂത്രമൊഴിക്കാമെങ്കിൽ സ്ത്രീക്കും സാധിക്കും. സൗന്ദര്യം ഉള്ളിലാണ്, അല്ലാതെ സാരിയിൽ അല്ല. സൗന്ദര്യത്തിന്റെ കാര്യത്തിൽ എനിക്ക് എന്റേതായ കാഴ്ചപ്പാടുകളുണ്ട്. നിങ്ങളുടെ അഭിപ്രായം ആവശ്യമില്ല’- മാധുരി തുറന്നടിച്ചു.