കൊച്ചി: പെട്രോളിനും ഡീസലിനും ഡിമാൻഡുയർന്നത് പരിഗണിച്ച് രാജ്യത്ത് കൂടുതൽ പമ്പുകൾ തുറക്കാനുള്ള എണ്ണ വിതരണ കമ്പനികളുടെ നീക്കത്തിനെതിരെ ഓൾ ഇന്ത്യ പെട്രോൾ ഡീലേഴ്‌സ് അസോസിയേഷൻ (എ.ഐ.പി.ഡി.എ) കോടതിയെ സമീപിക്കുന്നു. പുതിയ പമ്പുകൾ തുറക്കുന്നത് കേന്ദ്രസർക്കാരിന്റെ നയങ്ങൾക്ക് തന്നെ വിരുദ്ധമാണെന്ന് അസോസിയേഷൻ പ്രസിഡന്റ് അജയ് ബൻസാൽ പറഞ്ഞു.
2025ഓടെ പെട്രോൾ പമ്പുകളുടെ എണ്ണം കുറയ്‌ക്കുമെന്നും ഹരിത ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്‌സാഹിപ്പിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു. പുതിയ പമ്പുകൾ തുറക്കുന്നതോടെ ഈ ലക്ഷ്യം അട്ടിമറിക്കപ്പെടും. കേന്ദ്ര നീക്കത്തെ അസോസിയേഷൻ കോടതിയിൽ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ പമ്പുകൾ തുറക്കാനുള്ള നടപടിയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് കഴിഞ്ഞദിവസം ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും ആവശ്യപ്പെട്ടിരുന്നു. അന്തരീക്ഷ മനിലീകരണം കുറയ്‌ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ലക്ഷ്യത്തെ തകിടംമറിക്കുന്നതാണ് കേന്ദ്രതീരുമാനം. പുതിയ പമ്പുകൾ തുറക്കുന്നത് ഹരിത ട്രൈബ്യൂണലിന്റെ വിധിക്ക് എതിരാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.
അതേസമയം, നിലവിൽ കേന്ദ്രസർക്കാരിൽ നിന്ന് നിർദേശമൊന്നും ലഭിക്കാത്തതിനാൽ പുതിയ പമ്പുകൾക്കായുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ് എണ്ണക്കമ്പനികളുടെ തീരുമാനം. രാജ്യവ്യാപകമായി 55,649 പുതിയ പെട്രോൾ പമ്പുകൾ തുറക്കാനായി കഴിഞ്ഞദിവസം എണ്ണക്കമ്പനികൾ അപേക്ഷ ക്ഷണിച്ചിരുന്നു. നിലവിൽ 62,000 പെട്രോൾ പമ്പുകളാണ് രാജ്യത്തുള്ളത്.