തന്റേതായ ശൈലിയിൽ മറുപടി പറഞ്ഞ് മിക്കപ്പോഴും വാർത്തകളിൽ ഇടംപിടിക്കുന്ന നായികയാണ് അനുശ്രീ. അനുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഓട്ടർഷ. നല്ല രീതിയിലുള്ള പ്രതികരണമാണ് പ്രേക്ഷകരിൽനിന്നും ഓട്ടർഷയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം, ചിത്രത്തെ വിമർശിച്ചുകൊണ്ട് ഒരാളിട്ട കമന്റിന് ഉരുളയ്ക്ക് ഉപ്പേരി എന്ന കണക്കിൽ മറുപടി പറഞ്ഞാണ് അനുശ്രീ വീണ്ടും വാർത്തയായത്.
‘കുണ്ടിലും കുഴിയിലും വീണ് മനം മടുപ്പിച്ച് കൊല്ലുന്ന ‘ഓട്ടോർഷ’ മുന്നൂറ് രൂപ സ്വാഹ’ എന്നായിരുന്നു ഒരു പ്രേക്ഷകന്റെ കമന്റ്. ഇതിന് ‘നിങ്ങൾക്ക് എന്തുകൊണ്ടാണ് മുന്നൂറ് രൂപ പോയതെന്ന് എനിക്ക് മനസിലാകുന്നില്ല. എന്റെ ഒഫിഷ്യൽ പേജിലേക്ക് നിങ്ങളുടെ നമ്പറും അക്കൗണ്ട് ഡീറ്റെയ്ൽസും മെസേജ് ചെയ്യൂ. രണ്ടു ദിവസത്തിനകം മുന്നൂറ് രൂപ ഞാൻ ട്രാൻസ്ഫർ ചെയ്തു തരാം. ജിഎസ്ടി വരുമോ എന്നറിയില്ല. പെട്ടെന്ന് തരാം പൈസ. നമുക്ക് ആരുടേയും നഷ്ടക്കച്ചോടത്തിനൊന്നും നിക്കണ്ട. അത്രയ്ക്ക് വിഷമം ഉണ്ടെങ്കിൽ അക്കൗണ്ട് വിവരങ്ങൾ മെസേജ് ചെയ്യൂ കേട്ടോ,’ എന്നായിരുന്നു അനുശ്രീ നൽകിയ വൈറൽ മറുപടി.