പനാജി: ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ (ഇഫി) മികച്ച സംവിധായകനും മികച്ച നടനുമുള്ള രജതമയൂരം നേടി മലയാള സിനിമ ചരിത്രനേട്ടം കരസ്ഥമാക്കി. ഈ മ യൗ എന്ന സിനിമയുടെ സംവിധാനത്തിന് ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനായും അതിലെ അഭിനയത്തിന് ചെമ്പൻ വിനോദ് ജോസ് മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു.റഷ്യൻ സംവിധായകൻ സെർജി ലോസ്ലിറ്റ്സ സംവിധാനം ചെയ്ത ഡോൺബാസിനാണ് മികച്ച ചിത്രത്തിനുള്ള സുവർണമയൂരം. മികച്ച നടിക്കുള്ള രജതമയൂരം ഉക്രേനിയൻ ചിത്രം വെൻ ദ ട്രീസ് ഫാളിലെ നായിക അനസ്താസില പുസ്തോവിസ്ത് കരസ്ഥമാക്കി. ചേഴിയൻ റാ സംവിധാനം ചെയ്ത തമിഴ് ചിത്രമായ ടുലെറ്റ് ജൂറിയുടെ പ്രത്യേക പരാമർശത്തിനും അർഹമായി. ചലച്ചിത്രോത്സവത്തിന്റെ സമാപനദിനമായ ഇന്നലെ ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടന്ന വർണാഭമായ ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തു. തിരക്കഥാകൃത്ത് സലീംഖാനു വേണ്ടി മകൻ അർബ്ബാസ് ഖാൻ സമഗ്രസംഭാവനയ്ക്കുള്ള അവാർഡ് സ്വീകരിച്ചു.
മലയാള സിനിമയ്ക്ക് ആദ്യം
മികച്ച സംവിധായകനും നടനുമുള്ള അവാർഡുകൾ ഇതാദ്യമായാണ് മലയാള സിനിമയ്ക്ക് ലഭിക്കുന്നത്. മരണം മനുഷ്യജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നതിന്റെ യഥാതഥ ആവിഷ്കാരമാണ് ഈ മ യൗ എന്ന ചിത്രം. ചെല്ലാനം എന്ന തീരദേശത്ത് തന്റെ അച്ഛന് നല്ലൊരു ശവസംസ്കാരം നടത്താൻ പെടാപ്പാടുപെടുന്ന ഒരു മകന്റെ വേദനയും വൈതരണിയും കറുത്ത ഫലിതം പോലെ ആവിഷ്കരിച്ചതാണ് ചിത്രത്തെ വ്യത്യസ്തമാക്കിയത്. മകൻ ഈശിയെ അവിസ്മരണീയമായി അവതരിപ്പിച്ചതാണ് ചെമ്പൻ വിനോദിനെ ഈ നേട്ടത്തിനർഹമാക്കിയത്. രജതമയൂരവും 15 ലക്ഷം രൂപ സമ്മാനത്തുകയുമുള്ള അവാർഡുകൾ ഇരുവരും ഏറ്റുവാങ്ങി.