sabarimala

പത്തനംതിട്ട : ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയെ തുടർന്നുള്ള സംഘർഷങ്ങൾ ശബരിമലയിലെ നടവരവിനെയും ബാധിച്ചു. മണ്ഡലകാലത്ത് ശബരിമലയിലെ വരുമാനത്തിൽ വൻ ഇടിവാണ് ഉണ്ടായത്. നടവരവിൽ 25 കോടി രൂപയുടെ കുറവുണ്ടായതായാണ് കണക്കുകൾ. കാണിക്കവരുമാനത്തിൽ 6 കോടി 85 ലക്ഷം രൂപയുടെ കുറവാണുണ്ടായത്. അരവണ വരുമാനത്തിൽ 11 കോടി 99 ലക്ഷം രൂപയുടെ കുറവും ഉണ്ടായി.

കഴിഞ്ഞ മണ്ഡലകാലത്ത് ആദ്യ 11 ദിവസം ലഭിച്ചത് 41 കോടി രൂപയാണ്. അതേസ്ഥാനത്ത് ഇത്തവണ ലഭിച്ചത് 16 കോടി രൂപമാത്രമാണ്.

ശബരിമലയിൽ തുലാമസപൂജകൾക്കായി നടതുറന്നപ്പോഴും കഴിഞ്ഞ വർഷത്തെക്കാൾ വലിയ കുറവാണുണ്ടായത്.
നട തുറന്നതു മുതലുള്ള പ്രതിഷേധങ്ങളും പൊലീസ് നടപടികളും കാരണം സ്ഥിരമായി മണ്ഡലകാലത്തെത്തുന്നവർ പലരും യാത്ര ഒഴിവാക്കിയെന്നാണ് നിഗമനം. സ്വകാര്യ വാഹനങ്ങളുടെ പ്രവേശനം നിലയ്‌ക്കൽ വരെയായി ചുരുക്കിയതും ഇതര സംസ്ഥാന തീർത്ഥാടകരുടെ വരവിനെ സാരമായി ബാധിച്ചു. ചില ഹൈന്ദവ സംഘടനകളുടെ ആഹ്വാനപ്രകാരം ദർശനത്തിനെത്തുന്നവരിൽ പലരും ഭണ്ഡാരത്തിൽ പണം നിക്ഷേപിക്കാൻ വിമുഖതകാട്ടിയതും വരുമാനം കുറയാൻ കാരണമായെന്നാണ് വിലയിരുത്തൽ.