കണ്ണൂർ: പരസ്യ കാമ്പയിനുകളിൽ പ്ലാസ്‌റ്രിക് പൂർണമായി ഒഴിവാക്കി കണ്ണൂർ വിമാനത്താവളം. ഡിസംബർ ഒമ്പതിന് നിശ്‌ചയിച്ചിട്ടുള്ള കാമ്പയിനിൽ പ്ളാസ്‌റ്രിക് ഉണ്ടാവില്ല. പ്ളാസ്‌റ്രിക് ഫ്ലക്‌സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്‌തുക്കൾ പൂർണമായി ഒഴിവാക്കി, പൂർണമായും പരിസ്ഥിതി സൗഹാർദ്ദ വസ്‌തുക്കൾ മാത്രമാകും ഉപയോഗിക്കുകയെന്ന് കിയാൽ അധികൃതർ പറഞ്ഞു.
വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രതീക്ഷിക്കുന്നത് ഒരുലക്ഷം പേരെയാണ്. കുടിവെള്ള വിതരണം ഉൾപ്പെടെ എല്ലാം ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും ചടങ്ങ്. മികച്ച ഗുണനിലവാരമുള്ള ബയോ ഡീഗ്രേഡബിൾ തുണിയാണ് ഫ്ളക്‌സിന് പകരം ഹോർഡിംഗുകളിലും ബോർഡുകളിലും ഉപയോഗിക്കുക. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ചെറുതും വലുതുമായ ഇത്തരം പരസ്യ ബോർഡുകൾ സ്ഥാപിക്കും. ബയോ ഡീഗ്രേഡബിൾ തുണി ഉപയോഗിക്കുന്നത് അധിക സാമ്പത്തിക ബാദ്ധ്യതയാണ്, എങ്കിലും പരിസ്ഥിതിക്ക് ദോഷകരമായ വസ്‌തുക്കൾ പൂർണമായും ഒഴിവാക്കാൻ തന്നെയാണ് എയർപോർട്ട് അധികൃതരുടെ തീരുമാനം. ഭാവിയിൽ വിമാനത്താവളത്തിന്റെ പ്രവർത്തനത്തിന് പൂർണമായി സൗരോർജ്ജം ഉപയോഗിക്കാനും തീരുമാനമുണ്ട്.