ശങ്കറിന്റെ ബ്രഹ്മാണ്ടചിത്രം 2.0 നാളെ തീയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിൽ രജനീകാന്ത് നായകനാകുമ്പോൾ ബോളിവുഡ് താരം അക്ഷയ് കുമാറാണ് പ്രതിനായക വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ അക്ഷയ്കുമാർ സൗത്തിന്ത്യൻ സിനിമാ ലോകത്തെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുന്നത്. കൃത്യനിഷ്ഠയുടെ കാര്യത്തിൽ ബോളിവുഡിലുള്ളവർ സൗത്തിന്ത്യൻ സിനിമാ മേഖലയെ കണ്ടു പഠിക്കണമെന്നാണ് പറയുന്നത്. നവാഗതർ ബോളിവുഡിൽ എത്തുന്നതിന് മുൻപ് സൗത്തിന്ത്യൻ സിനിമകളിൽ അഭിനയിക്കണമെന്നും അക്ഷയ് പറയുന്നു.
സാങ്കേതിക പരമായി നമ്മളേക്കാൾ ഔരുപാട് മുന്നിലാണ് സൗത്തിന്ത്യ. 7.30ന് ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പറഞ്ഞാൽ അതേ സമയത്ത് തന്നെ തുടങ്ങും. ഇവിടെയാണെങ്കിൽ 7.30 പറഞ്ഞാൽ 9.30 ആയാലും തുടങ്ങില്ല എന്നതാണ് വാസ്തവം. അവരുടെ സൂപ്പർസ്റ്റാറുകൾ കൃത്യസമയത്ത് തന്നെ സെറ്റിലെത്തും, അക്ഷയ് പറഞ്ഞു. രജനീ കാന്തിന്റെ അഭിനയ വൈദഗ്ദ്യത്തെയും പുകഴ്ത്താൻ അദ്ദേഹം മറന്നില്ല. 'അദ്ദേഹം വലിയൊരു മനുഷ്യനാണ്, കിട്ടുന്ന സംഭാഷണം എത്ര മനോഹരമായാണ് അദ്ദേഹം തന്റേതായ ശൈലിയിലേക്ക് മാറ്റുന്നത്. ഓരോ വരികളിലും രസകരമായ ശൈലികൾ കൊണ്ട് വരും'- അക്ഷയ് പറഞ്ഞു.
വമ്പൻ റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. കേരളത്തിൽ ഏകദേശം 450 തീയേറ്ററുകളിൽ ത്രീഡിയിലും 2ഡിയിലും ചിത്രം പ്രദർശനത്തിനെത്തും. ലോകമൊട്ടാകെ 10,000 സ്ക്രീനുകളിൽ ചിത്രം റിലീസിനെത്തും. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസിനെത്തും. കാല എന്ന പാ രഞ്ജിത്ത് ചിത്രത്തിന് ശേഷം രജനിയുടെതായി പുറത്തിറങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് 2.0. ശങ്കർ, ജയമോഹൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മലയാളി താരങ്ങളായ കലാഭവൻ ഷാജോൺ, റിയാസ് ഖാൻ തുടങ്ങിയവർ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. എ. ആർ റഹ്മാനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് മുളകുപാടം ഫിലിംസാണ്.