തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളിലെ 14 പാലങ്ങളുടെ ടോൾ പിരിവ് പൂർണമായി നിറുത്തലാക്കാൻ തീരുമാനിച്ചു. അരൂർ-അരൂർക്കുറ്റി, പുളിക്കക്കടവ്, പൂവത്തും കടവ്, ന്യൂ കൊച്ചിൻ (ചെറുതുരുത്തി), തുരുത്തിപ്പുറം-കോട്ടപ്പുറം, കൃഷ്ണൻകോട്ട, കടലുണ്ടിക്കടവ്, മുറിഞ്ഞപുഴ, മായന്നൂർ, ശ്രീമൂലനഗരം, വെള്ളാപ്പ്, മാട്ടൂൽ മടക്കര, നെടുംകല്ല്, മണ്ണൂർ കടവ് എന്നീ പാലങ്ങളുടെ ടോൾ പിരിവാണ് നിറുത്തുന്നത്.
എൽ.ഡി.എഫ് അധികാരത്തിൽ വന്നാൽ പൊതുമരാമത്ത് റോഡുകളിലെ ടോൾ പിരിവ് നിറുത്തുമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ആദ്യം ആറുറോഡുകളിലെ ടോൾ പിരിവ് നിറുത്തി. അവശേഷിച്ച 14റോഡുകളിലെ ടോൾ പിരിവ് നിറുത്താൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.
ഇനി സംസ്ഥാനത്തെ ദേശീയ പാതകളിൽ മാത്രമേ ടോൾ പിരിവ് ഉണ്ടാകൂ.