naveed

ശ്രീനഗർ: കാശ്മീരി മാദ്ധ്യമപ്രവർത്തകൻ ഷുജാത് ബുഖാരി വധക്കേസ് പ്രതികളിലൊരാളായ ലഷ്‌റെ തയ്ബ ഭീകരൻ നവീദ് ജട്ടിനെ സുരക്ഷാ സേന ഇന്നലെ ബുദ്‌ഗാമിൽ നടന്ന ഏറ്റുമുട്ടലിൽ വധിച്ചു. നവീദ് ജട്ടിനെയും മറ്റൊരു ഭീകരനെയുമാണ് സുരക്ഷാസേന കൊലപ്പെടുത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.

ബുദ്ഗാമിലെ കുത്‌പോരയിൽ ഭീകര‌ർ തമ്പടിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് സുരക്ഷാസേന ഇവിടെ തെരച്ചിൽ നടത്തിയത്.

പാകിസ്ഥാനിയായ നവീദ് ജട്ട് കഴിഞ്ഞ ഫെബ്രുവരി ആറിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. നവീദ് ജട്ട് ഉൾപ്പെടെയുള്ള ഭീകരരാണ് ജൂൺ14ന് കാശ്മീരി മാദ്ധ്യമപ്രവർത്തകനായ ഷുജാത് ബുഖാരിയെ കൊലപ്പെടുത്തിയത്. പ്രതികളിലൊരാളായ ദാദയെ അനന്ത്നാഗിൽ നടന്ന ഏറ്റുമുട്ടലിൽ നവം.23ന് സൈന്യം വധിച്ചിരുന്നു.

റൈസിംഗ് കാശ്മീർ ദിനപത്രത്തിന്റെ എഡിറ്റർ ഇൻ-ചീഫ് ആയിരുന്ന ബുഖാരിയെ അദ്ദേഹത്തിന്റെ ഓഫീസിന് മുന്നിൽ വച്ചാണ് ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയത്.