pk-sajeev

പത്തനംതിട്ട: മകരവിളക്ക് തെളിക്കാൻ മലയരയ സമുദായത്തിന് അവകാശം തിരിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ട രാഹുൽ ഈശ്വറിന് മറുപടിയുമായി ഐക്യ മലയരയ മഹാസഭ നേതാവ് പി.കെ. സജീവ്. തങ്ങളുടെ ക്ഷേത്രത്തിലെ തന്ത്രി ജോലി ചെയ്യുന്നവർ ഞങ്ങളുടെ അവകാശങ്ങൾ തീരുമാനിച്ച് തരേണ്ടെന്നും പി.കെ സജീവ് പറഞ്ഞു.

തങ്ങളുടെ പൂർവ്വികരുടെ ആരാധനാലയത്തിൽ രാഹുൽ ഈശ്വറിന് എന്താണ് കാര്യമെന്നും സജീവ് ചോദിച്ചു.

മകരവിളക്കും പിടിച്ച് അകലെ നിൽക്കേണ്ടവരല്ല മലയരയരടക്കമുള്ള ദ്രാവിഡ ജനത.അവർ നിർമ്മിച്ച ക്ഷേത്രത്തിൽ ഏതൊക്കെ ആരാധന ചെയ്യണമെന്ന് അവർ തീരുമാനിക്കും. വിവരമുള്ളവരെല്ലാം അംഗീകരിച്ചതാണിത്. നിങ്ങളായിട്ട് ആരെയും തെറ്റിദ്ധരിപ്പിക്കാൻ നോക്കേണ്ടെന്നും സജീവ് പറഞ്ഞു.

മകരവിളക്ക് തെളിയിക്കാനുള്ള അവകാശം മലയരയർക്ക് കൊടുക്കണമെന്നും ശബരിമലയിൽ കൂടുതൽ അവകാശങ്ങളുണ്ടെന്ന് പറഞ്ഞ് സി.പി.എം മലയരയ വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും തന്ത്രി കുടുംബാംഗവും അയ്യപ്പ ധർമസേന ദേശീയ പ്രസിഡന്റ് കൂടിയായ രാഹുൽ ഈശ്വർ ഇന്ന് വൈകിട്ട് പറഞ്ഞിരുന്നു. ഇതിനോടാണ് സജീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നൽകിയിരിക്കുന്നത്.