തിരുവനന്തപുരം: ഐ.ജി മനോജ് എബ്രഹാമിനെ എ.ഡി.ജി.പിയായി ഉയർത്തിയതടക്കം സംസ്ഥാനത്തെ ഐ.പി.എസ്, ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിനുള്ള പട്ടിക മന്ത്രിസഭ അംഗീകരിച്ചു. 1994 ഐ.പി.എസ് ബാച്ചിലെ മനോജ് എബ്രഹാമിനെ എ.ഡി.ജി.പി പദവിയിലേക്ക് സ്ഥാനക്കയറ്റത്തിനുളള പാനലിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഒഴിവു വരുന്ന മുറയ്ക്കു നിയമനം നൽകും. നിലവിൽ തിരുവനന്തപുരം റേഞ്ച് ഐ.ജിയാണു മനോജ് ഏബ്രഹാം.
1994 ഐ.എ.എസ് ബാച്ചിലെ രാജേഷ് കുമാർ സിൻഹ, സഞ്ജയ് ഗാർഗ്, എക്സ്. അനിൽ എന്നിവർക്ക് പ്രിൻസിപ്പൽ സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകും.
2001 ഐ.പി.എസ് ബാച്ചിലെ എ.ആർ. സന്തോഷ് വർമയെ ഐ.ജി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുളള പാനലിൽ ഉൾപ്പെടുത്താനും 2005 ഐ.പി.എസ് ബാച്ചിലെ നീരജ് കുമാർ ഗുപ്ത, എ. അക്ബർ, കോറി സഞ്ജയ് കുമാർ ഗുരുദിൻ, കാളിരാജ് മഹേഷ്കുമാർ എന്നിവരെ ഡിഐജി പദവിയിലേക്കു സ്ഥാനക്കയറ്റം നൽകുന്നതിനുളള പാനലിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു.