ജയ്‌പൂർ: രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ദളിത് വോട്ടുകൾ ലക്ഷ്യമിട്ട് ഹനുമാന്റെ ജാതി പറഞ്ഞ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹനുമാൻ ഒരു ദളിത് ആദിവാസി ആണെന്നും അതുകൊണ്ട് ബി.ജെ.പി സ്ഥാനാർത്ഥികൾക്കായിരിക്കണം ഓരോ ദളിതരും വോട്ട് ചെയ്യേണ്ടതെന്നും യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. മാൽപുര മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഹനുമാൻ ഒരു ആദിവാസിയായിരുന്നു. അദ്ദേഹം കാട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇന്ത്യയിലെ എല്ലാ സമുദായക്കാരേയും ഒന്നിച്ച് നിർത്താൻ ഹനുമാൻ ശ്രമിച്ചു, ശ്രീരാമന്റെ ആഗ്രഹമായിരുന്നു ഇതെന്നത് കൊണ്ട് അദ്ദേഹത്തിന് അതിൽ നിർബന്ധം ഉണ്ടായിരുന്നു. അദ്ദേഹത്തെ പോലെ ഈ ആഗ്രഹം നടപ്പിലാക്കും വരെ നമ്മൾ വിശ്രമിക്കാൻ പാടില്ല,’ ആദിത്യനാഥ് പറഞ്ഞു.
രാമഭക്തർ എല്ലാവരും ബി.ജെ.പിക്ക് വേണ്ടി വോട്ട് ചെയ്യും. രാവണ ഭക്തന്മാർ മാത്രമാണ് കോൺഗ്രസിന് വോട്ട് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
മതത്തിന്റെ പേരിൽ ഇത് ആദ്യമായല്ല ആദിത്യനാഥ് വോട്ട് തേടുന്നതും പ്രചാരണം നടത്തുന്നതും. ശ്രീരാമനെയാണ് അദ്ദേഹം മിക്കപ്പോഴും ഇതിനായി വലിച്ചിഴക്കാറുളളത്. ശ്രീരാമന്റെ പേര് ഉയർത്തിക്കാത്തിയാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം ബി.ജെ.പി നേതാക്കളുടെ പ്രസംഗം. അയോദ്ധ്യയിൽ രാമക്ഷേത്രം പണിയുമെന്ന വാഗ്ദാനം ഇത്തവണയും ബി.ജെ.പി നല്‍കിയിട്ടുണ്ട്.