തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ നിലപാടിനൊപ്പം നിന്ന എ.കെ.ആന്റണി കേരളത്തിലെത്തിയപ്പോൾ രാഹുൽ ഈശ്വറിന്റെ നിലപാടിനൊപ്പം നിന്ന് ബി.ജെ.പി.യെയും ആർ.എസ്.എസിനെയും പ്രോത്സാഹിപ്പിക്കുന്നത് ലജ്ജാകരമാണെന്ന് മന്ത്രി എം.എം.മണി. ഇതിന്റെ പേരും 'ആദർശം' എന്നായിരിക്കുമോ എന്നും എം.എം. മണി ചോദിച്ചു.
കേരളത്തിലെത്തുന്ന അവസരങ്ങളിലെല്ലാം സി.പി.എമ്മിനും, സർക്കാരിനുമെതിരെ കാര്യമൊന്നുമില്ലെങ്കിലും ഒന്നും പറയാതെ പോയാൽ മോശമാകുമല്ലോ എന്ന് കരുതി മാത്രം എന്തെങ്കിലും വിളിച്ചുപറയുന്ന സ്വഭാവം എ.കെ. ആന്റണിക്കുണ്ട്. ശബരിമല വിഷയവുമായി ബന്ധപ്പെടുത്തി കഴിഞ്ഞദിവസം അദ്ദേഹം വിളിച്ചു പറഞ്ഞതും അത്തരത്തിലുള്ളതായിരുന്നു.
ശബരിമല വിഷയത്തിൽ സി.പി.എമ്മിനും നേതാക്കൾക്കും ഒരു നിലപാട് മാത്രമേ ഉള്ളൂവെന്നതും ആ നിലപാട് എന്താണെന്നതും ജനങ്ങൾക്ക് വ്യക്തമായി അറിയാം. കോൺഗ്രസിനോ, ബി.ജെ.പി.ക്കോ അതിന്റെ നേതാക്കൾക്കോ അത്തരത്തിലൊരു നിലപാടില്ലെന്നതും ജനങ്ങൾക്കറിയാം. മാത്രമല്ല, ബി.ജെ.പി. നേതാക്കൾ കൈക്കൊണ്ടുവരുന്ന 'ജനങ്ങളെ വിഡ്ഢികളാക്കൽ നിലപാടുകൾ' തന്നെയാണ് കോൺഗ്രസ് നേതാക്കളും ഓരോ സ്ഥലത്ത് എത്തുമ്പോൾ പിന്തുടരുന്നതും.
കഴിഞ്ഞദിവസം ശ്രീ. എ.കെ. ആന്റണി സ്വീകരിച്ച നിലപാടും മറിച്ചായിരുന്നില്ല എന്നും എം.എം. മണി പറഞ്ഞു.