un

യു.എൻ: സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചാണ് ലോകം എന്നും ചർ‌ച്ച ചെയ്യുന്നത്. സ്ത്രീകൾ സുരക്ഷിതരായി ഇരിക്കുന്നത് സ്വന്തം വീടുകളിലാണെന്നാണ് ഭൂരിപക്ഷവും കരുതുന്നത്. എന്നാൽ സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത ഇടം സ്വന്തം വീടാണെന്ന് യു എൻ റിപ്പോർട്ടിൽ പറയുന്നു. സ്ത്രീധനം, സ്വത്തവകാശം എന്നവിയുമായി ബന്ധപ്പെട്ടാണ് സ്ത്രീകൾ ആക്രമിക്കപ്പെടുന്നതും കൊല്ലപെടുന്നതും എന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇത്തരത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ കൊല്ലപ്പെടുന്നത് ഏഷ്യയിലാണെന്നും (20000)​ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഏഷ്യയ്ക്ക് തൊട്ടു പിന്നിലായി ആഫ്രിക്ക(19,000), അമേരിക്ക (8,000) യൂറോപ്പ് (3,000) എന്നിങ്ങനെയാണ് കണക്കുകൾ.

ഗാർഹികപീഡനം കാരണമാണ് സ്ത്രീകൾ ഏറ്റവും കൂടുതൽ കൊല്ലപ്പെടുന്നത്. 2017ൽ കൊല്ലപ്പെട്ട 87000 വനിതകളിൽ 50,000 പേരും കൊല്ലപ്പെട്ടത് ഗാർഹിക പീഡനത്താലെന്നാണ് റിപ്പോർട്ടിലുള്ളത്. വേൾഡ് ഡേ ഫോർ വയലൻസസ് എഗെയിൻസ്റ്റ് വിമൻ ദിനത്തിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് യു എൻ പുറത്തുവിട്ടത്.

സ്ത്രീകൾക്കെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമങ്ങ8 വർദ്ധിക്കുന്നതിന് കാരണം സ്ത്രീയുടെ മാന്യതയും അവരുടെ തുല്യതയേയും മനസിലാക്കാത്ത പുരുഷന്റെ പരാജയമാണെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

കൊല്ലപ്പെടുന്ന ഭൂരിഭാഗം സ്ത്രീകളുടേയും മരണത്തിന് ഉത്തരവാദികൾ ഭർത്താവിന്റെ ബന്ധുക്കളാണ്. മുപ്പതിനായിരം സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരാലും കൊല്ലപ്പെടുന്നു. ശരാശരി ഓരോ മണിക്കൂറിലും ലോകത്താകെ ആറ് സ്ത്രീകൾ ഇത്തരത്തിൽ ഭർത്താക്കന്മാരാൽ കൊല്ലപ്പെടുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.