സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന 'ജാക്ക് ആൻഡ് ജിൽ' എന്ന ചിത്രത്തിലൂടെ വീണ്ടും പിന്നണി ഗായികയായിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യർ. ഹരി നാരായണൻ എഴുതി നവാഗതനായ രാം സുരേന്ദർ സംഗീതസംവിധാനം നിർവഹിച്ച ഗാനമാണ് ചിത്രത്തിലെ നായിക കൂടിയായ മഞ്ജു പാടിയത്. 'കാന്താ...'എന്നു തുടങ്ങുന്ന ഒരു അടിപൊളി പാട്ടാണ് മഞ്ജുവിന്റെ ശബ്ദത്തിൽ കേൾക്കാനാകുക.ചിത്രത്തിലെ മറ്റൊരു സംഗീതസംവിധായകൻ ഗോപി സുന്ദറാണ്.
കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ 'ചെമ്പഴുക്ക', ജോ ആൻഡ് ദ ബോയ്യിലെ 'ഡു ഡു ഡു എൻജോയ് വാട്ട് യു ഡു' എന്നു തുടങ്ങുന്ന ഗാനങ്ങളാണ് മഞ്ജു മുമ്പ് സിനിമയിൽ പാടിയിട്ടുള്ളത്. മോഹൻലാൽ, ജയറാം, ദിലീപ്, ദുൽഖർ സൽമാൻ തുടങ്ങി മലയാളത്തിലെ മുൻനിര നായകന്മാരെല്ലാം സ്വന്തം ചിത്രങ്ങൾക്കായി പിന്നണി പാടിയിട്ടുണ്ടെങ്കിലും നായികമാർ പാടുന്നത് അപൂർവമാണ്. അപർണ ബാലമുരളിയും രമ്യ നമ്പീശനുമാണ് ഗാനാലാപനത്തിൽ തിളങ്ങുന്ന നായികമാർ.
ഹരിപ്പാട് നടന്നുവരുന്ന ജാക്ക് ആൻഡ് ജില്ലിന്റെ ഷൂട്ടിംഗ് ഇന്ന് പൂർത്തിയാകും. ലണ്ടനാണ് മറ്റൊരു ലൊക്കേഷൻ. മഞ്ജുവിനോടൊപ്പം കാളിദാസ് ജയറാമും സൗബിൻ ഷാഹിറും പ്രധാന വേഷത്തിലെത്തുന്നു. നെടുമുടി വേണു, അജു വർഗീസ്, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വൻതാരനിരയും അണിനിരക്കുന്നുണ്ട്. ഒരു മുഴുനീള എന്റർടെയ്നറായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ.
ദുബായിലുള്ള ലെൻസ്മാൻ സ്റ്റുഡിയോസിന് വേണ്ടി യൂസഫ് ലെൻസ് മാനാണ് ചിത്രം നിർമ്മിക്കുന്നത്. സുരേഷ് കുമാർ രവീന്ദ്രൻ, വിജേഷ് തോട്ടിങ്ങൽ എന്നിവർ ചേർന്ന് സംഭാഷണം രചിക്കുന്നു.
അതേസമയം മഞ്ജു വാര്യർ മോഹൻലാലിന്റെ നായികയായി അഭിനയിച്ച ഒടിയൻ ഡിസംബർ 14ന് തിയേറ്ററുകളിൽ എത്തും. പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന മോഹൻലാൽ ചിത്രം ലൂസിഫർ എന്നിവയിലും മഞ്ജുവാണ് നായികയാകുന്നത്.