ജയറാമിന്റെ പുതിയ ചിത്രം ഗ്രാൻഡ്ഫാദറിന് തുടക്കം കുറിക്കാൻ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്നു. ഡിസംബർ 3ന് രാവിലെ 10ന് എറണാകുളം ഹോളിഡേ ഇന്നിൽ നടക്കുന്ന ചടങ്ങിൽ ഭദ്രദീപം കൊളുത്തുന്നത് മെഗാതാരങ്ങളാണ്. ജയറാം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
'മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ദീപം തെളിയിച്ച് എന്റെ പുതിയ സിനിമയ്ക്ക് തുടക്കം കുറിക്കുന്നു. ഇതിൽ കൂടുതൽ എന്ത് വേണം", ജയറാം കുറിച്ചു.അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ഗ്രാൻഡ്ഫാദർ അച്ചിച്ച സിനിമാസിന്റെ ബാനറിൽ ഹസീഫ് ഹനീഫ്, മഞ്ജു ബാദുഷ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ദിവ്യാ പിള്ള നായികയായെത്തുന്നു. റഹാ ഇന്റർനാഷണലാണ് വിതരണം. ആലപ്പുഴ പ്രധാന ലൊക്കേഷനാകുന്ന ചിത്രത്തിന് ഷാനി ഖാദർ തിരക്കഥയും സംഭാഷണവും രചിക്കുന്നു. ഛായാഗ്രഹണം: സമീർ ഹഖ്, സംഗീതസംവിധാനം: വിഷ്ണു മോഹൻ സിത്താര.