മമ്മൂട്ടി ചിത്രം മധുരരാജയിൽ അങ്കമാലി ഡയറീസിലൂടെ അരങ്ങേറ്റം കുറിച്ച അന്നാരാജൻ അഭിനയിക്കും. ചിത്രത്തിലെ നായികമാരിൽ ഒരാളായാണ് അന്ന എത്തുന്നത്. മോഹൻലാലിന്റെ വെളിപാടിന്റെ പുസ്തകത്തിൽ അഭിനയിച്ച അന്ന ആദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കുന്നത്. ജയറാമിന്റെ ലോനപ്പന്റെ മാമ്മോദീസ, ധ്യാൻ ശ്രീനിവാസന്റെ സച്ചിൻ എന്നിവയാണ് അന്നയുടെ മറ്റു പ്രോജക്ടുകൾ.
പുലിമുരുകൻ എന്ന ബ്ളോക്ക് ബസ്റ്ററിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജ നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പാണ് നിർമ്മിക്കുന്നത്. മഹിമാനമ്പ്യാർ, ഷംന കാസിം, അനുശ്രീ എന്നിവരാണ് മറ്റു നായികമാർ. എറണാകുളത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം വിഷുവിന് തിയേറ്ററുകളിലെത്തും. സൂപ്പർഹിറ്റായ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണിത്. തമിഴ്താരങ്ങളായ ജയ്, ജഗപതി ബാബു എന്നിവരോടൊപ്പം സിദ്ധിഖ്, നെടുമുടി വേണു, വിജയരാഘവൻ, സലിം കുമാർ, അജു വർഗീസ്, ധർമ്മജൻ, ബിജുക്കുട്ടൻ, ജോബി, ബാല, കൈലാഷ്, എം.ആർ. ഗോപകുമാർ, ജയൻ ചേർത്തല തുടങ്ങിയവരും അഭിനയിക്കുന്നു. പുലിമുരുകനും ഒടിയനും ശേഷം പീറ്റർ ഹെയ്ൻ ആക് ഷൻ കോറിയോഗ്രഫി നിർവഹിക്കുന്നു എന്ന പ്രത്യേകയുമുണ്ട്. ഷാജി കുമാറാണ് ഛായാഗ്രാഹകൻ. ഗോപി സുന്ദർ സംഗീതസംവിധാനം നിർവഹിക്കുന്നു.