സൂപ്പർസ്റ്റാർ വിജയ്യുടെ പുതിയ ചിത്രത്തിൽ തെന്നിന്ത്യൻ താരറാണി നയൻതാര നായികയാകും. തെരി, മെർസൽ എന്നിവയ്ക്ക് ശേഷം വിജയ് - ആറ്റ്ലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിൽ തെലുങ്ക് താരം രഷ്മിക മന്ദാന നായികയാകുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. കീർത്തി സുരേഷിന്റെ പേരും അവസാനം വരെ പറഞ്ഞു കേട്ടു. എന്നാൽ ഒടുവിൽ നയൻതാരയാണ് നായികയെന്ന് അണിയറ പ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
2009ൽ പുറത്തിറങ്ങിയ വില്ലിലാണ് നയൻസ് മുമ്പ് വിജയ്യുടെ നായികയായി അഭിനയിച്ചത്. എ.ജി.എസ് എന്റർടെയ്ൻമെന്റ് നിർമ്മിക്കുന്ന ഈ ചിത്രം ഒരു സ്പോർട്സ് ഡ്രാമയാണ്. വിജയ് ഫുട്ബാൾ കോച്ചിന്റെ വേഷമാണത്രേ ഇതിൽ അവതരിപ്പിക്കുന്നത്. വിജയ്യുടെ 63-ാം ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത് എ.ആർ. റഹ് മാനാണ്. ഉടൻ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം 2019 ദീപാവലിക്ക് റിലീസ് ചെയ്യും.