തിരുവനന്തപുരം: വാടക വീട്ടിൽ നിന്നു പത്തു ചുവടു മുന്നോട്ടു വച്ചാൽ കടലായി. പക്ഷേ, കടലിലേക്കു നോക്കുമ്പോൾ പപ്പയുടെ മുഖമാണ് സുനിലിന്റെയും നിമ്മിയുടെയും മനസിൽ തെളിയുക. അവരുടെ പപ്പ ചാർളിന് വേണ്ടിയുള്ള കാത്തിരിപ്പിന് ഇന്ന് ഒരാണ്ട് തികയുന്നു. കഴിഞ്ഞ നവംബർ 29ന് ഭാര്യ നിർമ്മലയുടെ പക്കൽ നിന്നു ചോറ്റുപാത്രവും വാങ്ങി പൂന്തുറ തീരത്തു നിന്നു കടലിലേക്കു പുറപ്പെട്ടതാണ്. പിന്നെ തിരിച്ചെത്തിയിട്ടില്ല. അപ്പോൾ ഏഴാം ക്ളാസിലായിരുന്നു സുനിൽ. നിമ്മി അഞ്ചാം ക്ലാസിലും.
ഇവരെ പോലെ ഉറ്റവരെ ഓഖി കടലിൽ മറച്ചു കളഞ്ഞിട്ട് ഇന്ന് ഒരു കൊല്ലം. വിഴിഞ്ഞത്തും പൂന്തുറയിലും വീണ കണ്ണീര് ഇപ്പോഴും വറ്റിയിട്ടില്ല. ഓഖി ചുഴലിക്കാറ്റ് സംഹാര താണ്ഡവമാടുകയായിരുന്നു. ആരാധനാലയങ്ങൾക്കു മുന്നിൽ കൂട്ടവിലാപം. ആശ്വസിപ്പിക്കാനത്തിയ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരോട് കോപിച്ചു കൊണ്ടാണ് കടലിന്റെ മക്കൾ സമീപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനുമൊക്കെ ഓടിയെത്തി. കടലിൽ കാണാതായവരിൽ ഒരാൾ മാത്രമാണ് മുപ്പത്തിയെട്ടുകാരനായ ചാർളിൻ.
വള്ളക്കാരനായ സെൽവനൊപ്പമാണ് അന്ന് ചാർളിൻ മത്സ്യബന്ധനത്തിനു പോയത്. 30നു രാവിലെ എട്ടിനു മുമ്പേ എത്തേണ്ടതാണ്. കടൽ പെട്ടെന്ന് പ്രക്ഷുബ്ധമാവുകയും ഓഖിയുടെ വാർത്ത പരക്കുകയും ചെയ്തതോടെ വാടക വീട്ടിൽ കഴിയുകയായിരുന്ന ചാർളിന്റെ ഭാര്യ നിർമ്മല വല്ലാതെ ഭയന്നു. രണ്ടു ദിവസം കഴിഞ്ഞതോടെ വിഷമം കൊണ്ട് അവർ തളർന്നു വീണു.
എന്നും രാവിലെ കുട്ടികൾ സ്കൂളിൽ പോകാൻ റെഡിയാകുമ്പോഴാണ് മീനുമായി ചാർളിൻ വീട്ടിൽ വന്നു കയറുന്നത്. കുളി കഴിഞ്ഞ് എത്തുന്ന ചാർളിന് കുട്ടികൾക്കൊപ്പം നിർമ്മല പ്രഭാത ഭക്ഷണം വിളമ്പും. കഴിക്കുന്നതിനിടയിൽ കടലിലെ വിശേഷങ്ങളൊക്കെ ചാർളിൻ പറയും. പിന്നെ കുട്ടികളെ യാത്രയാക്കും. പൂന്തുറ സെന്റ് തോമസ് സ്കൂളിലാണ് രണ്ടു പേരും പഠിക്കുന്നത്. പകൽ കിടന്നുറങ്ങിയ ശേഷം വൈകിട്ടാകുമ്പോൾ ഭാര്യയുടെ കൈയിൽ നിന്നു തൂക്കുപാത്രത്തിലാക്കിയ അത്താഴവും വാങ്ങി കടപ്പുറത്തു പോകും.
30നു രാത്രിയും തിരിച്ചെത്താത്തതിനെ തുടർന്ന് ചാർളിന്റെ ഫോണിൽ വിളിച്ചു, കിട്ടിയില്ല. ഒപ്പം പോയ എല്ലാവരുടെയും നമ്പരിൽ വിളിച്ചു. അമ്മയെ ഫോണിൽ വിളിച്ചു നിർമ്മല ഏങ്ങലടിച്ചു കരഞ്ഞു. അമ്മ ഗിരിജയും അച്ഛൻ ആഞ്ചലോസും മകളെ സമാധാനിപ്പിക്കാൻ ഓടി എത്തി. കുട്ടികളെ വളർത്താനായി നിർമ്മല ഇപ്പോൾ ജോലിക്ക് പോകാൻ തുടങ്ങി. നിർമ്മലയെ പോലെ എല്ലാവരും ഓഖിയുടെ ആഘാതത്തെ അതിജീവിക്കാൻ കിണഞ്ഞ് ശ്രമിക്കുകയാണ്.
അവസാനിക്കുന്നില്ല പരാതിയും പരിഭവവും
ദുരന്തമുണ്ടായി വർഷം ഒന്നു തികയുമ്പോഴും പരിക്കേറ്റ എല്ലാവർക്കും സർക്കാർ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ ധനസഹായം ഇനിയും കിട്ടിയില്ലെന്നാണ് പ്രധാന പരാതി. 500 ലേറെ പേർക്ക് ഇനിയും സഹായം കിട്ടാനുണ്ടെന്ന് ലത്തീൻ അതിരൂപത പറയുന്നു. എന്നാൽ സർക്കാർ മാനദണ്ഡം അനുസരിച്ച് ആർക്കും സഹായം കിട്ടാനില്ലെന്ന വിശദീകരണമാണ് ഫിഷറീസ് വകുപ്പ് നൽകുന്നത്.
മത്സ്യബന്ധനത്തിന് തുടർന്ന് പോകാൻ സാധിക്കാത്തവർക്ക് ബദൽ ജീവനോപാധിയായി 5 ലക്ഷം രൂപ നൽകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ ഈ തുക കിട്ടാത്ത നിരവധി പേർ തീരപ്രദേശങ്ങളിലുണ്ട്. ഓഖിയിൽപെട്ടവരെ രക്ഷിക്കാനിറങ്ങി തിരയിൽപെട്ട് ഗുരുതരമായി പരിക്കേറ്റ മൈക്കിളിന്റെ ഒരു കൈയും അരയ്ക്കുതാഴെയും പൂർണമായും തളർന്നു. അന്നുമുതൽ കിടപ്പുരോഗിയായ മൈക്കിളിന് ഇതുവരെ കിട്ടിയത് 20,000 രൂപ മാത്രമാണ്.
പൂന്തുറ സ്വദേശി ലേ അടിമയുടെ അവസ്ഥയും വ്യത്യസ്തമല്ല. ഓഖിയിൽപെട്ട് മരണത്തെ മുഖാമുഖം കണ്ട് നാലുദിവസമാണ് കടലിൽ കിടന്നത്. ഒടുവിൽ രക്ഷപ്പെടുത്തി കരയിലെത്തിച്ചപ്പോഴേക്കും ഒരു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. ഇപ്പോൾ കടലിൽ പോകാനാകാത്ത സ്ഥിതിയിലുള്ള ലേ അടിമയ്ക്ക് കിട്ടിയത് നാല്പതിനായിരം രൂപ മാത്രമാണ്.
അതേസമയം പൂർണ അംഗവൈകല്യം സംഭവിച്ചവർക്കാണ് അഞ്ച് ലക്ഷം പ്രഖ്യാപിച്ചതെന്നാണ് ഫിഷറീസ് വകുപ്പിന്റെ വിശദീകരണം. എങ്കിൽപ്പോലും മൈക്കലും ലേ അടിമയുമൊക്കെ എങ്ങിനെ പട്ടികയിൽ നിന്നു പുറത്തായെന്ന് വകുപ്പ് അധികൃതർ വിശദമാക്കുന്നില്ല.