തിരുവനന്തപുരം: ചാലയ്ക്ക് പുതിയ മുഖം നൽകുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ ആദ്യ ചുവടുവയ്പിന് കളമൊരുങ്ങി. ഇതിന്റെ ഭാഗമായി ആദ്യമായി നിർമ്മാണം നടക്കുന്ന പച്ചക്കറി മാർക്കറ്റിലെ കച്ചവടക്കാർ ഇന്ന് മുതൽ പുതിയ ഇടങ്ങളിലേക്ക് മാറും. നിലവിലെ പച്ചക്കറി മാർക്കറ്റിന് മുന്നിലെ കോർപറേഷന്റെ കെട്ടിടത്തിന് മുന്നിലും പാർക്കിംഗ് സ്ഥലത്തേക്കുമാണ് മാറ്റുന്നത്. അഞ്ഞൂറോളം കടകളാണ് ഇത്തരത്തിൽ പുനഃസ്ഥാപിക്കുന്നത്. ഇവിടെ വ്യാപാരികൾക്ക് സാധനങ്ങൾ ഇറക്കാനും മറ്റും പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കിയ ശേഷം തുടർനടപടികൾ സ്വീകരിക്കും. പച്ചക്കറി മാർക്കറ്റിന്റെ നിർമ്മാണത്തിനുശേഷം മത്സ്യ - മാംസ മാർക്കറ്റുകളുടെ നവീകരണം ആരംഭിക്കും.
അത്യാധുനിക മാർക്കറ്റ്
പച്ചക്കറി മാർക്കറ്റിന്റെ പ്രധാന കവാടം കരിപ്പട്ടി കടയുടെ ഭാഗത്താണ്. മാർക്കറ്റിലെ പഴയ കടകൾ പൊളിച്ച് പുതിയത് നിർമ്മിക്കും. ഇവയ്ക്ക് ഓട് മേൽക്കൂരയും പാകും. നടപ്പാതകളിൽ ഇന്റർലോക്കിട്ട് മഴവെള്ളം ഒഴുകാനുള്ള സംവിധാനം ഒരുക്കും. പുതിയ കെട്ടിടത്തിന്റെ വശങ്ങളിലും കടകൾ സജ്ജീകരിക്കും. മത്സ്യ മാർക്കറ്റിനോട് ചേർന്ന് മാലിന്യം സംസ്കരിക്കുന്ന ബയോഗ്യാസ് പ്ലാന്റും ഒരുക്കും.
മൊത്തവിപണനം കഷ്ടത്തിലാകും
മാർക്കറ്റിന് മുന്നിലെ കോർപറേഷൻ കെട്ടിടത്തിലാണ് ചാലയിലെ പച്ചക്കറിയുടെ മൊത്തവ്യാപാര യൂണിറ്റുള്ളത്. ഇവിടെ 32 കടകളുണ്ട്. ചെറുകിട കച്ചവടക്കാരെ ഇതിന് മുന്നിലേക്ക് മാറ്റുമ്പോൾ തമിഴ്നാട്ടിൽ നിന്നടക്കം മൊത്തപച്ചക്കറിയുമായെത്തുന്ന ലോറികളടക്കമുള്ളവ പാർക്ക് ചെയ്ത് സാധനങ്ങൾ ഇറക്കാൻ ഇടമില്ലാതാകും. ഇത് കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. എങ്കിലും വികസനത്തിനായി കഷ്ടപ്പാടുകൾ സഹിക്കാൻ തയ്യാറാണെന്നും ഇവർ പറയുന്നു.
നാലടി വീതിയും നീളവുമുള്ള ചതുരാകൃതിയിലുള്ള സ്ഥലമാണ് കച്ചവടക്കാർക്കായി പ്രത്യേകം വരച്ച് നൽകിയിട്ടുള്ളത്. എന്നാൽ നിന്നു തിരിയാൻ സ്ഥലമില്ലാതെ ഇവിടെ എങ്ങനെ വ്യാപാരം നടത്തുമെന്നാണ് കച്ചവടക്കാരുടെ ആശങ്ക. ത്രാസും പക്കറിക്കൂടകളും കുറഞ്ഞത് മൂന്നുപേരുമടങ്ങിയ കട ഇവിടെ എങ്ങനെ ഒതുങ്ങുമെന്നാണ് കച്ചവടക്കാർ ചോദിക്കുന്നത്.
ചാല പൈതൃക കനാൽ ശൃംഖല
ചാല പൈതൃക തെരുവാകുമ്പോൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരക്കു ഗതാഗത ജലപാതയായ ചാല പൈതൃക കനാൽ ശൃംഖല യാഥാർത്ഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ചാലയിലേക്ക് ചരക്കെത്തിയിരുന്ന അനന്തപുരിയുടെ പ്രധാന മൂന്നു കനാൽ ശൃംഖലകളായ കരമന - കിള്ളിയാറുകൾ, ചാല - പുത്തരിക്കണ്ടം - കണ്ണമ്മൂല - ചാക്ക വഴി വേളിയിലെത്തുന്ന ആമയിഴഞ്ചാൻ തോട്, വേളി - ആക്കുളം - കോവളം എന്നീ ജലപാതകളും പുനരുജ്ജീവിപ്പിക്കണം. കിഴക്കേകോട്ട - തമ്പാനൂർ എന്നിവിടങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കാനും പദ്ധതി വേണം. ജലയാത്രാപദ്ധതി നടപ്പിലായാലേ ചാലയുടെ പൈതൃകസൗന്ദര്യം പുനഃസൃഷ്ടിക്കാനാവുകയുള്ളൂവെന്നും നാട്ടുകാർ പറയുന്നു.
ആദ്യഘട്ടം
'വർഷങ്ങളായി ഇവിടെ കച്ചവടം നടത്തുന്നു. നല്ല റോഡില്ല. മഴവെള്ളം ഒലിച്ച് പോകാനും ഇടമില്ല. കുറേ കഷ്ടപ്പെട്ടാലും വികസനം വരുന്നതിൽ സന്തോഷം മാത്രമേയുള്ളൂ'.
ഷാജി, [ചില്ലറ പച്ചക്കറി വ്യാപാരി]
'നിലവിൽ അനുവദിച്ച സ്ഥലം ഒന്നിനും തികയില്ല. ഒരു സഹായിയെ പോലും നിറുത്താൻ ഈ ചതുരത്തിൽ സ്ഥലമില്ല.'
ബാദുഷാ, [ചില്ലറ പച്ചക്കറി വ്യാപാരി]
്ഥലം കണ്ടെത്തിയിട്ട് അവരെ മാറ്റിയിരുന്നെങ്കിൽ കുറച്ചുകൂടി നന്നായിരുന്നു. ഇതിപ്പോ എല്ലാവരുടെയും ഉപജീവനം വെള്ളത്തിലാകും. മുൻകൂട്ടി നിശ്ചയിച്ച പോലെ ആറ് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയാൽ നന്നായിരുന്നു.
കെ. ചിദംബരം[പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി[