കഴക്കൂട്ടം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് ആവശ്യമായ കൂറ്റൻ പാറകളടക്കം കടൽമാർഗം എത്തിക്കുന്നതിനും ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകളെ മുന്നിൽക്കണ്ടും അദാനി ഗ്രൂപ്പ് പെരുമാതുറ മുതലപ്പൊഴി തീരത്ത് നടത്തുന്ന വാർഫ് നിർമ്മാണം പുരോഗമിക്കുന്നു. അടുത്ത വർഷം ആദ്യ വാരം പദ്ധതി പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.
നിർമ്മാണം പൂർത്തിയാകുന്നതോടെ ആഡംബര കപ്പലുകൾ മുതൽ യാത്രാ കപ്പലുകൾ വരെ ഭാവിയിൽ ഇവിടേക്ക് അടുപ്പിക്കാനാകും. നൂറിലധികം തൊഴിലാളികൾ രാവും പകലും നിർമ്മാണത്തിലേർപ്പെട്ടിരിക്കുകയാണ്.
പലപ്പോഴായുണ്ടാകുന്ന പ്രാദേശിക എതിർപ്പുകളെ അതിജീവിച്ച് തുടരുന്ന വാർഫ് നിർമ്മാണം ഭാവിയിൽ പെരുമാതുറയുടെ വിനോദ സഞ്ചാരത്തിന് അസൂയാവഹമായ പുരോഗതിയുണ്ടാക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ. ഭാവിയിൽ വിഴിഞ്ഞത്തോടെപ്പം മിനി ഫോർട്ടായും ഇവിടം അറിയപ്പെടും. കിളിമാനൂർ, നഗരൂർ ഭാഗങ്ങളിലെ ക്വാറികളിൽ നിന്ന് പാറകൾ മുതലപ്പൊഴിയിലെ വാർഫിന് സമീപമെത്തിച്ച് ക്രെയിൻ ഉപയോഗിച്ച് കൂറ്റൻ ബാർജിൽ ലോഡ് ചെയ്ത് വിഴിഞ്ഞം തുറമുഖത്തെത്തിക്കാനാണ് വാർഫ് ആദ്യം ഉപയോഗിക്കുന്നത്. ദിവസവും രണ്ട് ബാർജുകൾ മുതലപ്പൊഴിയിൽ നിന്നു പാറകളുമായി പുറപ്പെടും. ഇത്തരത്തിൽ മൂന്നു വർഷം തുടരും. അതു കഴിഞ്ഞാൽ വാർഫ് സർക്കാരിന് കൈമാറും. ഈ കാലയളവിൽ നിലവിൽ മുതലപ്പൊഴി തുറമുഖ കവാടത്തിൽ പുലിമുട്ട് നിർമ്മാണത്തിനിടെ അടിഞ്ഞു കൂടിയ കൂറ്റൻ കല്ലുകളും 400 ചതുരശ്ര അടിഭാഗത്തുള്ള മണലും അദാനി തന്നെ ഡ്രഡ്ജ് ചെയ്ത് മാറ്റും. ഈ പ്രവർത്തനവും ഇപ്പോൾ നടക്കുകയാണ്.
അടിഞ്ഞു കൂടുന്ന കല്ലും മണലും നീക്കുന്നതോടെ അഴിമുഖത്തടിക്കുന്ന കൂറ്റൻ തിരയടി അവസാനിക്കുകയും ശക്തമായ തിരിയടിയിലെ ബോട്ടപകടങ്ങൾ ഇല്ലാതാക്കാനും കഴിയും. വാർഫിനായി പില്ലറുകൾ സ്ഥാപിക്കുന്ന ജോലി പൂർത്തിയായി. ഇതു കഴിഞ്ഞാൽ ഡ്രഡ്ജ് ചെയ്ത സ്ഥലത്തുകൂടി പുലിമുട്ട് മുറിച്ചുമാറ്റി ബാർജിന് ഇതിനകത്തേക്ക് പ്രവേശിക്കാനുള്ള സൗകര്യമൊരുക്കും. മത്സ്യബന്ധനത്തിന് തടസമുണ്ടാകാത്തവിധത്തിലാണ് പണികൾ പുരോഗമിക്കുന്നതെന്ന് അദാനി ഗ്രൂപ്പ് അധികൃതർ പറഞ്ഞു. വാർഫിനെയും മുതലപ്പൊഴി ഫിഷിംഗ് ഹാർബറിനെയും വേണ്ട രീതിയിൽ സംരക്ഷിക്കാൻ പത്തു വർഷത്തേക്കാണ് അദാനി ഗ്രൂപ്പുമായി കരാർ ഒപ്പിട്ടിരിക്കുന്നത്.