കോവളം: ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഇൻഷ്വറൻസ് പരിരക്ഷയും സൗജന്യ ചികിത്സയും ഉറപ്പാക്കുന്ന ആവാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കി കോവളം പൊലീസ് മാതൃകയാകുന്നു.
പദ്ധതിയിൽ അംഗമാകുന്ന തൊഴിലാളികൾക്ക് ഓരോരുത്തർക്കും സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രിയിൽനിന്നും എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രിയിൽ നിന്നും 15000 രൂപയുടെ സൗജന്യ ചികിത്സ, തൊഴിലാളി മരിച്ചാൽ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപ ലഭിക്കുന്ന അപകട മരണ ഇൻഷ്വറൻസ് പരിരക്ഷ തുടങ്ങിയവ പദ്ധതി ഉറപ്പുവരുത്തുന്നു.
ആവാസ് പദ്ധതി കോവളത്ത് എത്തുന്നതോടെ തൊഴിലാളികൾ വർഷങ്ങളായി അനുഭവിച്ച ദുരിതത്തിനാണ് പരിഹാരമാകുന്നത്.
തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങൾ, ഒത്തുകൂടാറുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ നേരിട്ട് ചെന്ന് അറിയിപ്പുകൾ നൽകി കഴിഞ്ഞു. കൂടാതെ ഓൺലൈൻ ആയി തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഇതരസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷൻ നടത്താവുന്നതാണ്. രജിസ്ട്രേഷന്റെ വിവിധ ഘട്ടങ്ങളിൽ നിരവധി തൊഴിലാളികൾ അംഗങ്ങളായി. അഞ്ചാം ഘട്ടം 30ന് രാവിലെ 8 മണി മുതൽ ലൈറ്റ് ഹൗസ് ബീച്ചിൽ ഗാന്ധി പ്രതിമയ്ക്കു സമീപം നടക്കും. ഡിസംബർ മദ്ധ്യത്തോടെ പദ്ധതി പൂർത്തിയാകും. അസിസ്റ്റന്റ് ലേബർ ഓഫീസർ ഷാജഹാൻ, ക്ലാർക്ക് വിനോദ്, കോവളം സബ് ഇൻസ്പെക്ടർ പി അജിത്കുമാർ, ജനമൈത്രി കോ-ഓർഡിനേറ്റർ ബിജു എന്നിവരുടെ ശ്രമഫലമായിട്ടാണ് കോവളം സ്റ്റേഷൻ പരിധിയിൽ ആവാസ് പദ്ധതി നടപ്പിലാക്കാൻ സാധിച്ചത്.
പദ്ധതിക്ക് പിന്നിൽ
കോവളത്ത് പണിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെ സംബന്ധിക്കുന്ന കൃത്യമായ വിവരങ്ങൾ തൊഴിൽ വകുപ്പിനോ പൊലീസിനോ ലഭ്യമായിരുന്നില്ല. ഇവർ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കുന്നതിനോ പരിഹരിക്കുന്നതിനോ വേണ്ടി ഫലപ്രദമായി ഇടപെടുന്നതിന് സാധിക്കാത്ത സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. തൊഴിലാളികളുടെ വിവരശേഖരണവും രജിസ്ട്രേഷനും നടത്തി തിരിച്ചറിയിൽ കാർഡ് നൽകി ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുകയാണ് ആവാസ് പദ്ധതിയുടെ ലക്ഷ്യം.
ആവാസ് നൽകുന്നത്...
രജിസ്ട്രേഷൻ വിവിധ ഘട്ടങ്ങളിൽ...