തിരുവനന്തപുരം: ചെറുപ്പക്കാരുടെ സന്നദ്ധ സേവന സേനയ്ക്ക് പ്രതികൂല സാഹചര്യങ്ങൾ നേരിടാനുള്ള പരിശീലനം നൽകുന്നതിന് മുന്നോടിയായി സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന 'ഡ്രൈവ് എ തോൺ" ഇന്ന് പര്യടനം ആരംഭിക്കും. കാസർകോട്ടെ പിലിക്കോട് പഞ്ചായത്തിൽ നിന്ന് തുടങ്ങുന്ന കലാജാഥ ഡിസംബർ 18ന് തിരുവനന്തപുരത്ത് സമാപിക്കും. കലാജാഥയുടെ പ്രദർശനം നാടൻ പാട്ടുകളും ബാൻഡ് മേളവുമായി ഇന്നലെ കനകക്കുന്ന് കവാടത്തിൽ നടന്നു.
‘കേരള വോളന്ററി യൂത്ത് ആക്ഷൻ ഫോഴ്സ്" (കെ-വ്യാഫ്) എന്ന സേനയുടെ പ്രചാരണാർത്ഥമാണ് പര്യടനം. മാനവീയ ഗാനങ്ങൾ, ഫ്ലാഷ് മോബ് തുടങ്ങി വിവിധ കലാപരിപാടികളുമായി എല്ലാ ജില്ലകളിലും പര്യടനം നടത്തും. 19ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരള വോളന്ററി യൂത്ത് ആക്ഷൻ ഫോഴ്സിന്റെ പ്രഖ്യാപനം നടത്തും.ഏത് സാഹചര്യത്തിലും രംഗത്തിറങ്ങാനായി ഒരു ലക്ഷം യുവതീ യുവാക്കളെ സന്നദ്ധപ്രവർത്തകരാക്കിയെടുക്കുകയാണ് ലക്ഷ്യമെന്ന് യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു പറഞ്ഞു.
സേനയിൽ അംഗങ്ങളാകുന്നവർക്ക് ദുരന്തനിവാരണം, ദുരിതാശ്വാസ പ്രവർത്തനം, മാലിന്യ നിർമ്മാർജനം, സാന്ത്വന പരിചരണം, വിവിധ ബോധവത്കരണ പ്രവർത്തനം എന്നിവയിൽ പരിശീലനം നൽകും. സർക്കാർ വകുപ്പുകളുടെ സേവനങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തും. 15 നും 30നുമിടയിലുള്ളവർക്ക് ആക്ഷൻ ഫോഴ്സിൽ അംഗങ്ങളാകാം.
ഓരോ വർഷവും പുതിയവർക്ക് സേനയിൽ അംഗങ്ങളാകാം. സേനയിൽ ചേരാൻ താത്പര്യമുള്ളവർക്ക് http://volunteer.ksywb.in എന്ന ഓൺലൈൻ ലിങ്ക് വഴി സൗജന്യമായി പേര് രജിസ്റ്റർ ചെയ്യാം. ഡ്രൈവ് എ തോൺ സഞ്ചരിക്കുന്ന സ്ഥലങ്ങളിൽ നേരിട്ട് അംഗത്വം എടുക്കാനുമാകും. പ്രളയകാലത്ത് കേരളത്തിലെ ചെറുപ്പക്കാർ നടത്തിയ സമാനതകളില്ലാത്ത പ്രവർത്തനമാണ് യുവജനക്ഷേമ ബോർഡിനെ ഇത്തരമൊരു പദ്ധതിയെപ്പറ്റി ചിന്തിപ്പിച്ചതെന്ന് ബിജു പറഞ്ഞു. ദുരന്തം നേരിടാനിറങ്ങിയ ചെറുപ്പക്കാരുടെ തുടർ പ്രവർത്തനവും പലമേഖലകളിലും ആവശ്യമാണ്. ഊണും ഉറക്കവും ഉപേക്ഷിച്ച് സ്വയം സന്നദ്ധരായ യുവതലമുറയ്ക്ക് നവകേരള സൃഷ്ടിയിലും പങ്കാളികളാകാനാകുമെന്നും ബിജു പറഞ്ഞു.