തിരുവനന്തപുരം: പണി തീരാത്ത വീടുപോലെ തട്ടും മുട്ടുമായി തുടരുകയാണ് കണ്ണാശുപത്രിയുടെ ബഹുനില മന്ദിരം. തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒഫ്താൽമോളജിക്കായി 2011 ൽ പണി ആരംഭിച്ച ഏഴു നിലകളുള്ള മന്ദിരമാണ് ഇപ്പോഴും രോഗികൾക്ക് ഉപകാരപ്പെടാതെ അടഞ്ഞു കിടക്കുന്നത്. പണികൾ ഇഴഞ്ഞു നീങ്ങുന്നതാണ് കാരണമെന്നതിനാൽ ഉടൻ പ്രവർത്തനം തുടങ്ങണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടതിന് ശേഷമാണ് ഒരല്പം മുന്നോട്ടുപോയത്. ദിവസേന ആയിരങ്ങൾ ചികിത്സയ്ക്കായി എത്തുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ സർക്കാർ കണ്ണാശുപത്രിയുടെ സ്ഥലപരിമിതി പരിഹരിക്കാൻ കഴിയുന്ന കെട്ടിടമാണ് ഇപ്പോഴും അടഞ്ഞുകിടക്കുന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ജോലികൾ പൂർത്തിയാക്കാതെ തിടുക്കപ്പെട്ടാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തിയിരുന്നത്. മുക്കാൽ ഭാഗം ജോലികളും പൂർത്തിയാക്കിയാണ് ഉദ്ഘാടനം നടത്തിയതെന്നായിരുന്നു അന്ന് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ പുതിയ സർക്കാർ വന്ന് രണ്ടര വർഷത്തോളം ആകുമ്പോഴും കെട്ടിടത്തിൽ ഇപ്പോഴും പണി തുടരുകയാണ്. 20 കോടിയാണ് കെട്ടിടത്തിനും അനുബന്ധ പണികൾക്കുമായി ചെലവഴിച്ചത്. ഉദ്ഘാടനം നടക്കുമ്പോൾ കെട്ടിടം മാത്രമാണ് നിർമ്മാണം പൂർത്തിയാക്കിയതെന്നും ആശുപത്രിക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയിരുന്നില്ലെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. ഓപ്പറേഷൻ തിയേറ്ററടക്കമുള്ള സൗകര്യങ്ങളേർപ്പെടുത്തുകയും, ഡോക്ടർമാർ അടക്കം നൂറോളം ജീവനക്കാരെ പുതുതായി നിയമിക്കുകയും ചെയ്താൽ മാത്രമേ കെട്ടിടം തുറന്നുകൊടുക്കാൻ കഴിയൂ എന്നതാണ് അവസ്ഥ.
പുതിയ കെട്ടിടത്തിലെ സൗകര്യങ്ങൾ
പൂർത്തിയാക്കേണ്ട ജോലികൾ
'കെട്ടിടത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. നിർമ്മാണ ചുമതലയുള്ള പി.ഡബ്ളിയു.ഡി കെട്ടിടം പണി പൂർത്തീകരിച്ച് ആരോഗ്യവകുപ്പിന് കൈമാറിയാൽ മാത്രമേ ഓപ്പറേഷൻ തിയേറ്റർ അടക്കമുള്ളവയുടെ സംവിധാനങ്ങൾ ഒരുക്കാൻ കഴിയൂ. ഡോക്ടർമാരെ പി.എസ്.സി വഴി നിയമിക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. അനസ്തേഷ്യ ഡോക്ടറെ നിയമിച്ചു. ക്ളീനിംഗ്, സെക്യൂരിറ്റി സ്റ്റാഫിനെ കുടുംബശ്രീ വഴി നിയമിക്കും'.
ഡോ. ഷീബ
ആശുപത്രി സൂപ്രണ്ട്